യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ച കേസിലെ പ്രതി ചേവായൂരിൽ ജീവനൊടുക്കിയ നിലയിൽ.മാളിക്കടവിൽ സ്വന്തം വർക്‌ഷോപ്പിൽ യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹത്തെ അപമാനിച്ച കേസിലെ പ്രതി വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖൻ (35) ആണ് മരിച്ചത്.
വ്യാഴാഴ്ച വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്.
ജനുവരി 24 ന് ആയിരുന്നു വൈശാഖൻ പ്രതിയായി നാടിനെ നടുക്കിയ കൊലപാതകം.16 വയസ്സു മുതൽ പ്രതിയുമായി അടുപ്പമുണ്ടായിരുന്നയാളാണ് യുവതി. വൈശാഖന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഭാര്യയോടു പറയുമെന്ന സംശയത്തിലാണു യുവതിയെ കൊലപ്പെടുത്താൻ ഇയാൾ ആസൂത്രണം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.