തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഗ്രാം സ്വർണമോതിരം സമ്മാനമായി നൽകുന്ന പദ്ധതി മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരയുടെ ജന്മവാർഷിക ദിനമായ സെപ്റ്റംബർ 15ന് ഔദ്യോഗികമായി നിലവിൽ വരുമെന്ന് വിജയ് സർക്കാർ അറിയിച്ചു. ‘തായ് മാമൻ തങ്ക മോതിരം’ എന്ന് പേര് നൽകിയിരിക്കുന്ന ഈ പദ്ധതിക്ക് പ്രതിവർഷം 755.83 കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കിയവരും സർക്കാർ ആരോഗ്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവരുമായ കുടുംബങ്ങൾക്ക് ജൂൺ 22 മുതൽ ജനിക്കുന്ന കുട്ടികൾക്കായുള്ള ആനുകൂല്യങ്ങൾ ലഭ്യമാകും. പൊതുമേഖലാ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
പെൺകുഞ്ഞെന്നോ ആൺകുഞ്ഞെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാ പ്രസവങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പ്രസവങ്ങളുടെ എണ്ണത്തിന് യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെയായിരിക്കും അമ്മമാർക്ക് ഈ ആനുകൂല്യം കൈമാറുക. ആർ.സി.എച്ച് ഐഡിയുള്ള, പിക്മിയിൽ രജിസ്റ്റർ ചെയ്ത അമ്മമാർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഒരു സ്റ്റേറ്റ് പ്രോജക്ട് അല്ലെങ്കിൽ പ്രോഗ്രാം മാനേജ്‌മെന്റ് യൂനിറ്റ് രൂപവത്കരിക്കും. എല്ലാ മാസവും സ്റ്റോക്ക് കൃത്യമായി പരിശോധിക്കാൻ ഓരോ ജില്ലയിലും പ്രത്യേക ലോജിസ്റ്റിക്സ് മാനേജർമാരെയും സംസ്ഥാന തലത്തിൽ ഒരു നോഡൽ ഓഫിസറെയും നിയമിക്കുമെന്ന് വിജയ് സർക്കാർ വ്യക്തമാക്കി.
തമിഴ്‌നാട് മെഡിക്കൽ സർവിസസ് കോർപറേഷൻ (TNMSC) മുഖേനയാണ് ആവശ്യമായ സ്വർണ്ണമോതിരങ്ങൾ സംഭരിക്കുന്നത്. ഗുണനിലവാരത്തിൽ യാതൊരു വിട്ടവീഴ്ചയും ചെയ്യാതെ, വിശ്വസ്തരായ നിർമാതാക്കളിൽ നിന്ന് നേരിട്ടാണ് ഈ സ്വർണ്ണമോതിരങ്ങൾ ശേഖരിക്കുന്നത്. ഇടനിലക്കാരുടെ ഇടപെടലുകൾ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട്, യാതൊരുവിധ സുരക്ഷാ വീഴ്ചകൾക്കും ഇടനൽകാത്ത വിധം സുരക്ഷിതമായി പാക്ക് ചെയ്തതും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയതുമായ പ്രത്യേക ബോക്സുകളിലാണ് ഇവ സൂക്ഷിക്കുന്നത്.തുടർന്ന്, കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർമാതാക്കളിൽ നിന്ന് നേരിട്ട് ഈ സുരക്ഷിത ബോക്സുകൾ തമിഴ്നാട്ടിലെ വിവിധ സർക്കാർ ആശുപത്രികളിൽ കൃത്യസമയത്ത് എത്തിക്കാനുള്ള വിപുലമായ ലോജിസ്റ്റിക്സ് സംവിധാനങ്ങളും സർക്കാർ ഇതിനായി ഒരുക്കിയിട്ടുണ്ട്.