Drisya TV | Malayalam News

"ലാർ ഗിബ്ബൺ" ഇനത്തിൽപ്പെട്ട കുരങ്ങിനോടൊപ്പമുള്ള ദൃശ്യങ്ങൾ: വിക്രമിന് നോട്ടിസ് അയച്ച് തമിഴ്നാട് വനം വകുപ്പ്

 Web Desk    14 Aug 2026

വംശനാശ ഭീഷണി നേരിടുന്ന "ലാർ ഗിബ്ബൺ" ഇനത്തിൽപ്പെട്ട കുരങ്ങിനോടൊപ്പമുള്ള ദൃശ്യങ്ങൾ വിവാദമായതിനു പിന്നാലെ നടൻ വിക്രമിന് നോട്ടിസ് അയച്ച് തമിഴ്‌നാട് വനം വകുപ്പ്. മൂന്ന് ദിവസത്തിനകം നേരിട്ട് ഹാജരാകണം. കുരങ്ങിനെ വളർത്തുന്നതിനുള്ള നിയമപരമായ രേഖകൾ സമർപ്പിക്കാനാണ് നിർദേശം.

മണിപ്പുരിൽ നിന്ന് ഈറോഡ് പെരുന്തുറയിലെ മൃഗ പ്രജനന കേന്ദ്രത്തിൽ എത്തിച്ച കുരങ്ങാണെന്ന വിശദീകരണത്തെതുടർന്ന് ഇവിടെ പരിശോധന നടത്തിയ അധികൃതർ മൃഗങ്ങളെ എത്തിച്ചതിന്റെ രേഖകൾ ഹാജരാക്കാ‍ൻ ഉടമസ്ഥനോട് ആവശ്യപ്പെട്ടു.

പ്രജനന കേന്ദ്രം ഉടമ ചില രേഖകൾ സമർപ്പിച്ചെങ്കിലും മണിപ്പുരിലെ ഉടമയുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കം ലഭിച്ചിട്ടില്ലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. വിക്രമിന്റെ മകളുടെ ഭർതൃപിതാവ് പെരുന്തുറയിൽ നിന്നു വാങ്ങിയ കുരങ്ങുകളെ ചെന്നൈയിൽ എത്തിക്കുകയായിരുന്നു.ഇദ്ദേഹത്തിന്റ ഉടമസ്ഥതയിൽ ഈസ്റ്റ് കോസ്റ്റ് റോഡിൽ (ഇസിആർ) ഈഞ്ചമ്പാക്കത്തുള്ള ഫാം ഹൗസിൽ വച്ചാണ് നടൻ വിഡിയോ ചിത്രീകരിച്ചത്.

  • Share This Article
Drisya TV | Malayalam News