Drisya TV | Malayalam News

ഇഎംഐ മുടങ്ങിയാൽ ഫോൺ ലോക്ക് ചെയ്യുന്നതിൽ കർശന നിയന്ത്രണവുമായി ആർബിഐ

 Web Desk    11 Aug 2026

ബാങ്കും റിക്കവറി ഏജന്‍റുമാരും വായ്പയെടുത്തവരെ ബന്ധപ്പെടുന്നതിനും സാങ്കേതിക വിദ്യ ഉപയോഗിച്ച് വായപ തുക തിരികെ പിടിക്കുന്നതിനും ഇത് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. വായ്പ തിരിച്ചടവിലും റിക്കവറി ഏജന്റുമാരെ നിയമിക്കുന്നതില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ട ചട്ടങ്ങളാണ് മാര്‍ഗനിര്‍ദേശത്തിലുള്ളത്. ഓഗസ്റ്റ് ആറിന് പുറത്തിറങ്ങിയ ഇവ 2027 ജനുവരി ഒന്നുമുതല്‍ നടപ്പിലാക്കും.

വായ്പയെടുത്തയാളുടെ വ്യക്തിഗത ഡിജിറ്റല്‍ ഉപകരണങ്ങള്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോക്ക് ചെയ്യുന്നതിന് നിയന്ത്രണമുണ്ട്. വ്യക്തിഗത വായ്പ, വാഹന വായ്പ, ഭവന വായ്പ എന്നിവയില്‍ തിരിച്ചടവ് മുടങ്ങിയാല്‍ ഫോണ്‍, ലാപ്ടോപ് പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലോക്ക് ചെയ്യാന്‍ പാടില്ല. എന്നാല്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്കുള്ള കണ്‍സ്യൂമര്‍ വായ്പ മുടങ്ങിയാല്‍ ഉപകരണങ്ങള്‍ ലോക്ക് ചെയ്യുന്നതിന് നിയന്ത്രണമില്ല. തിരിച്ചടവ് മുടങ്ങി 30 ദിവസത്തിന് ശേഷം നോട്ടീസ് നല്‍കി മാത്രമെ ഇത്തരം നടപടികളിലേക്ക് കടക്കാന്‍ പാടുള്ളൂ. 

60 ദിവസം വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ വായ്പ കരാര്‍ പ്രകാരമുള്ള മുഴുവന്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താം. അപ്പോഴും ഇന്‍കമിങ് കോള്‍, എസ്എംഎസ്, എമര്‍ജന്‍സി സേവനങ്ങള്‍ എന്നിവ ലഭിക്കും. ഇതേ സാഹചര്യത്തില്‍ വായ്പ തിരിച്ചടവ് ആവശ്യത്തിലേക്ക് ഫോണിലെ കോണ്‍ടാക്, ഫോട്ടോ, എസ്എംഎസ്, കോള്‍ ലോഗ്, ലോക്കേഷന്‍ ഹിസ്റ്ററി എന്നിവ ബാങ്കുകള്‍ക്ക് ആക്സസ് ചെയ്യാന്‍ സാധിക്കില്ല.

റിക്കവറി ഏജന്‍റുമാര്‍ എന്തൊക്കെ ചെയ്യാം എന്നതും ആര്‍ബിഐ വ്യക്തമാക്കുന്നു. ഉപഭോക്താക്കളുടെ സ്വകാര്യതയാണ് പരമപ്രധാനം. വായ്പ തിരിച്ചടവിന് ആവശ്യമായ വിവരങ്ങള്‍ മാത്രമെ ബാങ്കുകൾ ജീവനക്കാരുമായോ ഏജൻസികളുമായോ പങ്കിടുന്നുള്ളൂ എന്ന് ഉറപ്പാക്കണം. റിക്കവറി ഏജന്റുമാർക്ക് അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കാനോ, വ്യക്തിപരമായ ആക്രമണങ്ങൾ നടത്താനോ, കടം വാങ്ങുന്നവരെ ഭീഷണിപ്പെടുത്താനോ പാടില്ല. പരസ്യമായി അപമാനിക്കുക, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹപ്രവർത്തകരെയോ ഭീഷണിപ്പെടുത്തുക എന്നിവ പാടില്ലെന്നും നിയമം പറയുന്നു.

  • Share This Article
Drisya TV | Malayalam News