ആണവ കരാറിനായി തുടങ്ങിവെച്ച യുദ്ധം ഒടുവിൽ ഹോർമുസിന് വേണ്ടി അവസാനിപ്പിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുകൊടുത്താൽ, ആണവ കരാറിലെത്തണമെന്ന നിർബന്ധം ട്രംപ് ഉപേക്ഷിക്കാൻ തയ്യാറാകുമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.സമഗ്രമായ ഒരു ആണവ കരാറിൽ എത്തുന്നതിന് മുൻപുതന്നെ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ട്രംപ് തന്റെ മുതിർന്ന ഉപദേശകരെ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഹോർമുസ് തുറന്നുകിട്ടുന്നതിനുള്ള നീക്കങ്ങളിലാണ് ട്രംപ് ഏർപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
എന്നാൽ, ഹോർമുസ് തുറന്നുകൊടുക്കുന്നതിനായി കർശനമായ ഉപാധികളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. അമേരിക്ക യുദ്ധം പൂർണമായി അവസാനിപ്പിക്കുക, നാവിക ഉപരോധം പിൻവലിക്കുക, മേഖലയിൽനിന്ന് സൈന്യത്തെ മാറ്റുക, ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുക, യുദ്ധ നഷ്ടപരിഹാരം നൽകുക തുടങ്ങിയവയാണ് ഹോർമുസ് തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ.
നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇറാനുനേരെയുള്ള ആക്രമണം തത്‌കാലം നിർത്തിവെച്ചിരിക്കുകയാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ, ഇസ്ലാമാബാദ് ധാരണാപത്രം ലംഘിച്ച് നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎസുമായി നേരിട്ട് ഇനി ചർച്ചയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ.
ഇറാനും യു.എസുമായി ഇപ്പോൾ നേരിട്ടുള്ള ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി ഞായറാഴ്ച പറഞ്ഞു. ഇസ്ലാമാബാദ് ധാരണാപത്രം ലംഘിക്കുന്നത് യു.എസ്. അവസാനിപ്പിക്കുകയും ധാരണാപത്രം ലംഘിച്ചുനടത്തിയ ആക്രമണങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാകുകയും ചെയ്യുന്നതുവരെ നേരിട്ടുള്ള ചർച്ചയ്ക്ക് സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.