കോക്രോച്ച് ജനതാ പാർട്ടി (സിജെപി) - കേന്ദ്ര സർക്കാർ ചർച്ച അവസാനിച്ചു.കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുമായാണ് സിജെപി നേതാക്കൾ ചർച്ച നടത്തിയത്. മൂന്നാം തവണയാണ് സിജെപിയുമായി കേന്ദ്ര മന്ത്രിമാർ ചർച്ച നടത്തിയത്. രണ്ട് വട്ടവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തട്ടിയാണ് ചർച്ച പരാജയപ്പെട്ടത്. എന്നാൽ ഇന്ന് ചർച്ച ആരംഭിക്കുന്നതിനു മുൻപേ ധർമേന്ദ്ര പ്രധാൻ രാജി വച്ചിരുന്നു. തുടർന്ന് പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് ചർച്ചയിൽ ഉണ്ടായിരുന്നത്.
സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നും നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി നഷ്ടപരിഹാരമായി നൽകണമെന്നുമാണ് സിജെപി ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ സംയുക്‌ത പത്രസമ്മേളനത്തിൽ കേന്ദ്ര മന്ത്രിമാരും സിജെപി നേതാക്കളും വിവരിച്ചു. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് എതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കുമെന്നും ഭാവിയിൽ ഒരുവിധത്തിലുള്ള നിയമനടപടികളും ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പു നൽകി.
ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തിൽ അനുഭാവപൂർവമായ നടപടികൾ സ്വീകരിക്കുമെന്നും, അർഹമായ നഷ്ടപരിഹാരം നൽകാമെന്നും സിജെപി നേതാക്കൾക്ക് കേന്ദ്രമന്ത്രിമാർ ഉറപ്പുനൽകി. വിദ്യാഭ്യാസ രംഗത്ത് സിജെപി മുന്നോട്ടുവച്ച പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ചർച്ച നടത്താമെന്നും കേന്ദ്ര മന്ത്രിമാർ സമ്മതിച്ചു. തുടർന്ന് സമരം വിജയിച്ചെന്നും പ്രവർത്തകർ സമാധാനപൂർവം പിരിഞ്ഞുപോകണമെന്നും സിജെപി നേതാക്കൾ അഭ്യർഥിച്ചു. പത്രസമ്മേളനത്തിനു ശേഷം കേന്ദ്ര മന്ത്രിമാരും സിജെപി നേതാക്കളും കൈ കൊടുത്താണ് പിരിഞ്ഞത്.
സർക്കാർ തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സിജെപി ദേശീയ വക്താവ് അശുതോഷ് രങ്ക പറഞ്ഞു. തുടർന്ന് പ്രവർത്തകരോട് സമര സ്‌ഥലത്ത് നിന്നും സമാധാനപരമായി പിന്മാറാനും ആഹ്വാനം ചെയ്‌തു. മൂന്ന് പ്രധാന ആവശ്യങ്ങൾക്കു പുറമേ വിദ്യാഭ്യാസം, പരീക്ഷാ നടത്തിപ്പ് എന്നിവയിൽ വരുത്തേണ്ട പരിഷ്കാരങ്ങളെ കുറിച്ച് സിജെപി മുന്നോട്ടുവച്ച അഞ്ചിന ആവശ്യങ്ങളും പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പുനൽകി. ഇതിനായി നാല് ആഴ്ചയ്ക്കുള്ളിൽ വീണ്ടും സർക്കാരുമായി ചർച്ച നടത്തുമെന്നും സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് പറഞ്ഞു.