തിരുവനന്തപുരം ജില്ലയിലെ നെട്ടുകാൽത്തേരിയിൽ പുതിയ സെൻട്രൽ ജയിലിന്റെ നിർമാണത്തിനു സെപ്റ്റംബറിൽ തറക്കല്ലിടുമെന്നു മന്ത്രി രമേശ് ചെന്നിത്തല. കേരള ജയിൽ സബോർഡിനേറ്റ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജയിൽ നിർമാണത്തിനായി ആവശ്യമായ തുകയുടെ 70% കേന്ദ്ര സർക്കാർ നൽകും. ബാക്കി തുക സംസ്ഥാന സർക്കാർ കണ്ടെത്തും. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചശേഷം 970 പേരെ ജയിലിലടച്ചു. റിമാൻഡ് പ്രതികളുടെ എണ്ണം വർധിച്ചെന്നും മന്ത്രി പറഞ്ഞു.
ജയിലുകളിൽ കഴിയുന്ന കുറ്റവാളികൾ മനുഷ്യരാണെന്നും അവർക്കും അവകാശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷയ്ക്കുശേഷം ജീവിതത്തിലേക്കു മടങ്ങിപ്പോകാൻ മാന്യമായ അവസരം തടവുകാർക്ക് ഉണ്ടാകണം. ഇവരുടെ മാനസിക പരിവർത്തനത്തിനാണു പ്രാധാന്യം നൽകേണ്ടത്. തടവുകാരുടെ ഭക്ഷണകാര്യത്തിൽ തമിഴ്നാട് സർക്കാരിന്റെ മാതൃക പിന്തുടരില്ല. നല്ല ഭക്ഷണത്തിനും വിനോദത്തിനും കുറ്റവാളികൾക്കും അവകാശമുണ്ട്. ജയിൽ ജീവനക്കാരുടെ ശമ്പള വർധന, കന്റീൻ സൗകര്യം, ജീവനക്കാരുടെ എണ്ണം വർധിപ്പിക്കൽ എന്നിവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.