Drisya TV | Malayalam News

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പെട്രോൾ വാഹനങ്ങളും ഇപ്പോൾ E25-റെഡിയാണെന്ന് സ്ഥിരീകരിച്ച് മെഴ്‌സിഡീസ്-ബെൻസ്

 Web Desk    25 Jul 2026

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പെട്രോൾ വാഹനങ്ങളും ഇപ്പോൾ E25-റെഡിയാണെന്ന് സ്ഥിരീകരിച്ച് മെഴ്‌സിഡീസ്-ബെൻസ്. ഉയർന്ന അളവിൽ എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കാൻ കഴിയുംവിധം തങ്ങളുടെ എല്ലാ ഇന്ത്യൻ വാഹനങ്ങളും തയ്യാറാക്കിയ ആദ്യത്തെ ആഡംബര കാർ നിർമ്മാതാക്കളിൽ ഒന്നായി മെഴ്‌സിഡീസ് ബെൻസ് ഇതോടെ മാറി. എഥനോൾ കലർത്തൽ നിലവിലെ E20-യ്ക്ക് അപ്പുറത്തേക്ക് ക്രമാനുഗതമായി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതിനിടെയാണ് പ്രഖ്യാനം.

ഭാവിയിലെ ഇന്ത്യൻ ഇന്ധന മാനദണ്ഡങ്ങൾ മുന്നിൽക്കണ്ടാണ് തങ്ങളുടെ വാഹന ശ്രേണി നവീകരിക്കുന്നതെന്ന് പുതിയ എഎംജി E 53 പ്ലഗ്-ഇൻ ഹൈബ്രിഡ് പുറത്തിറക്കിയ വേളയിൽ മെഴ്‌സിഡീസ്-ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ പറഞ്ഞിരുന്നു. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മെഴ്‌സിഡീസ്-ബെൻസ് വാഹനങ്ങളും E25-അനുയോജ്യമാണെന്നും, ചട്ടങ്ങൾ വരുന്നതുവരെ കാത്തിരിക്കാതെ അവയ്ക്ക് മുമ്പേ ബ്രാൻഡ് നീക്കങ്ങൾ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ഇന്ധന ഉപയോഗ രീതികളിൽ അതിവേഗ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നതിനിടെ ഈ പ്രഖ്യാപനം പ്രധാനമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്റേണൽ കംബഷൻ എഞ്ചിൻ കാറുകൾ, പ്ലഗ്-ഇൻ ഹൈബ്രിഡുകൾ, ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗത്തിലുള്ള കാറുകൾ നിലവിൽ മെഴ്‌സിഡീസ് ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കുന്നുണ്ട്.

  • Share This Article
Drisya TV | Malayalam News