അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് യുഎസ് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. ട്രംപ് ഭരണകൂടത്തിന്റെ വിവാദ എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി 6-3 ഭൂരിപക്ഷത്തിലാണ് സുപ്രീം കോടതി തള്ളിയത്.
അമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതി അനുസരിച്ച് യുഎസ് മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വത്തിന് അർഹതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് തലവനായ ബെഞ്ച് വ്യക്തമാക്കി. രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ മക്കൾക്കും താൽക്കാലിക വീസയിൽ എത്തുന്നവരുടെ മക്കൾക്കും സ്വയമേവ പൗരത്വം നൽകരുതെന്നായിരുന്നു ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ്. എന്നാൽ ഇതിന് നിയമപരമായ അടിത്തറയില്ലെന്ന് കോടതി വിലയിരുത്തി. ഒൻപതംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരായ ക്ലാരൻസ് തോമസ്, നീൽ ഗോർസുച്ച്, സാമുവൽ അലിറ്റോ എന്നിവർ വിധിയോട് വിയോജിച്ചു.