പശ്ചിമ ബംഗാളിൽ സംഘടിത കുറ്റകൃത്യങ്ങളും അക്രമങ്ങളും കർശനമായി അടിച്ചമർത്താൻ സർക്കാർ ഗുണ്ടാ നിയമം പാസാക്കി. തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബില്ലിനെ 176 പേർ അനുകൂലിച്ചപ്പോൾ 41 പേർ എതിർത്തു.പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തുന്ന ഏതൊരാളെയും ഒരു വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വെയ്ക്കുന്നതാണ് നിയമം. ജില്ലാ മജിസ്ട്രേറ്റുമാർക്കും പോലീസ് കമ്മീഷണർമാർക്കും ഇതിനുള്ള ഉത്തരവ് നേരിട്ട് പുറപ്പെടുവിക്കാനാകും.
അക്രമങ്ങളിലൂടെ പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്ന കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും അവരിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കാനും നിയമത്തിൽ കർശന വ്യവസ്ഥയുണ്ട്. കള്ളക്കടത്ത്, അനധികൃത മണൽ ഖനനം, വന്യജീവി-വനം കൊള്ള എന്നിവയെല്ലാം ഇനിമുതൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ പരിധിയിൽ വരും.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ജില്ലാ മജിസ്ട്രേറ്റിനോ പോലീസ് കമ്മീഷണർക്കോ ജില്ലയിൽ നിന്ന് ഒരു വർഷത്തേക്ക് നാടുകടത്താനുള്ള അധികാരവും ഈ നിയമം വഴി ലഭ്യമാകും. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായി വീണ്ടെടുക്കാനാണ് പുതിയ നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.