അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷന്‍ അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. മോഡിഫിക്കേഷന്‍ അനുവദിക്കുന്നതില്‍ കേന്ദ്രത്തിന്റെ നിയമാവലി ബാധകമാണെന്നും കളര്‍കോഡ്, അപകടകരമല്ലാത്ത ഫിറ്റിംഗ്‌സ്, വാഹനത്തിന്റെ പുറത്തേക്ക് തുറിച്ചുനില്‍ക്കാത്ത തരത്തിലുള്ള കാര്യങ്ങള്‍ പിടിപ്പിക്കുന്നതുള്‍പ്പെടെയുള്ള മോഡിഫിക്കേഷനെക്കുറിച്ച് വിശദമായി പരിശോധിക്കുകയാണെന്നും ഗതാഗത മന്ത്രി സഭയില്‍ വ്യക്തമാക്കി. സഭയില്‍ സജി ചെറിയാന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജെന്‍സികള്‍ക്കും പൂക്കികള്‍ക്കും വാരിക്കോരി കൊടുത്ത വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തത് ആക്ഷേപിക്കുന്നതിന് തുല്ല്യമല്ലേയെന്നും സര്‍ക്കാര്‍ മോഡിഫിക്കേഷന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നുമായിരുന്നു സജി ചെറിയാന്‍ ചോദിച്ചത്. തുടര്‍ന്നാണ് അപകടകരമല്ലാത്ത മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന് മന്ത്രി മറുപടി നല്‍കിയത്.
'മോഡിഫിക്കേഷന്‍ അനുവദിക്കുന്നതില്‍ കേന്ദ്രത്തിന്റെ നിയമാവലി ബാധകമാണ്. അപകടകരമല്ലാത്ത മോഡിഫിക്കേഷന്‍ അനുവദിക്കും. അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷന്‍ അംഗീകരിക്കാന്‍ സാധ്യമല്ല. എന്നാല്‍ കളര്‍കോഡ്, അപകടകരമല്ലാത്ത ഫിറ്റിംഗ്‌സ്, വാഹനത്തിന്റെ പുറത്തേക്ക് തുറിച്ചുനില്‍ക്കാത്ത തരത്തിലുള്ള കാര്യങ്ങള്‍ പിടിപ്പിക്കുന്നതുള്‍പ്പെടെയുള്ള മോഡിഫിക്കേഷനെക്കുറിച്ച് വിശദമായി പരിശോധിക്കുകയാണ്', മന്ത്രി പറഞ്ഞു.
പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ ലൈസന്‍സ് ലേണിംഗ് നല്‍കുന്നത് ആലോചിക്കുമെന്നും സി പി ജോണ്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ നിയന്ത്രണത്തില്‍ മാത്രം ഡ്രൈവിംഗ് സ്‌കൂള്‍ വന്നതുകൊണ്ടുകാര്യമില്ല. കൂടുതല്‍ പേരെ ഡ്രൈവിംഗിലേക്ക് കൊണ്ടുവരും. വിദ്യാഭ്യാസമന്ത്രിയുമായി ആലോചിച്ച് സ്‌കൂളുകളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ ലൈസന്‍സ് ലേണിംഗ് നല്‍കുന്നത് ആലോചിക്കും. പാഠ്യപദ്ധതിയില്‍ ഡ്രൈവിംഗ് നിയമങ്ങള്‍ പഠിപ്പിക്കുന്നതാണ് ആലോചിക്കുന്നത്. 18 പൂര്‍ത്തിയാകുമ്പോള്‍ ലൈസന്‍സ് ലഭിക്കുന്ന രീതിയിലായിരിക്കും പരിശീലനം എന്നും സിപി ജോണ്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയെ ഗൗരമായി കാണുന്നുണ്ടെന്നും നടപടികള്‍ ആലോചിച്ച് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 'സ്വകാര്യമേഖല എന്നതിലുപരി പൊതുഗതാഗതം കൈകാര്യം ചെയ്യുന്ന നിക്ഷേപകരുടെ മേഖലയായാണ് സ്വകാര്യ ബസ് മേഖലയെ കണക്കാക്കുന്നത്. അതുകൊണ്ടാണ് ബജറ്റില്‍ ഒരിക്കലും ചെയ്യാത്തതുപോലെ നികുതി പകുതിയായി കുറച്ചത്. ഇതുവഴി വര്‍ഷത്തില്‍ 50,000 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക. എല്ലായിടത്തും ഒരുപോലെയല്ല പ്രതിസന്ധി. നെയ്യാറ്റിന്‍കരയിലും മലപ്പുറത്തും പ്രതിസന്ധിയില്ല. രണ്ടുപേരും ഒരുമിച്ചോടുന്ന മേഖലകളില്‍ സ്ത്രീകള്‍ കൂടുതലായി കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നുണ്ട്. ഒരുദിവസം 1500 മുതല്‍ 2000 വരെ കുറഞ്ഞതായാണ് പ്രതിനിധികള്‍ അറിയിച്ചത്. ഗൗരവത്തോടെ കാണുന്നുണ്ട്. നടപടികള്‍ ആലോചിച്ച് ചെയ്യും', സി പി ജോണ്‍ വ്യക്തമാക്കി.