ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അവസാനഘട്ടത്തിലാണെന്നും ഇനി അവസാന ഒരു ശതമാനം ചർച്ചകൾ മാത്രമാണ് പൂർത്തിയാകാനുള്ളതെന്നും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. യുഎസ്-ഇന്ത്യ സ്ട്രറ്റീജിക് പാർട്ണർഷിപ്പ് ഫോറം ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകദേശം 18 മാസമായി തുടരുന്ന ചർച്ചകൾ ഉടൻ പൂർത്തിയാകുമെന്ന ആത്മവിശ്വാസവും അംബാസഡർ പ്രകടിപ്പിച്ചു. കരാറിന്റെ ഭൂരിഭാഗവും ഇതിനകം പൂർത്തിയായെന്നും ഇരുഭാഗത്തും ഏതാനും കാര്യങ്ങൾ മാത്രമാണ് ഇനി തീരുമാനിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങൾക്കും ഗുണകരമായ രീതിയിൽ കരാർ എത്രയും വേഗം യാഥാർഥ്യമാക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നര വർഷമായി കരാറിനായി പ്രവർത്തിക്കുകയാണെന്നും, വിശാലമായ ഇന്ത്യ-അമേരിക്ക വ്യാപാരബന്ധത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ ഈ പ്രക്രിയ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ വ്യാപാര കരാറുകളേക്കാൾ വേഗത്തിൽ ഇത് പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കരാർ യാഥാർഥ്യമാക്കാൻ ദൃഢനിശ്ചയത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള വ്യക്തിബന്ധമാണ് ഇന്ത്യ-അമേരിക്ക ബന്ധത്തിനു കൂടുതൽ കരുത്ത് പകരുന്നതെന്നും അംബാസഡർ പറഞ്ഞു. ഇന്ത്യാ സന്ദർശനത്തിന്റെ ഓർമകൾ ട്രംപ് ഇപ്പോഴും പങ്കുവയ്ക്കാറുണ്ടെന്നും തന്റെ ഏറ്റവും ശ്രദ്ധേയമായ വിദേശ സന്ദർശനങ്ങളിലൊന്നായാണ് അദ്ദേഹം അതിനെ കാണുന്നതെന്നും ഗോർ പറഞ്ഞു. പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.