Drisya TV | Malayalam News

കേന്ദ്രീയ വിദ്യാലയങ്ങളിൽ സൂക്ഷിക്കാനായി "സോഷ്യലിസം', 'മതേതരത്വം' എന്നീ പദങ്ങൾ ആമുഖത്തിൽ ഇല്ലാത്ത ആദ്യ ഭരണഘടനാ പതിപ്പ് നൽകി കേന്ദ്രം

 Web Desk    30 Jun 2026

രാജ്യത്തെ 1290 കേന്ദ്രീയ വിദ്യാലയങ്ങളിൽ സൂക്ഷിക്കാനായി കേന്ദ്രം അയച്ചുകൊടുത്തത് ‘സോഷ്യലിസം', 'മതേതരത്വം' എന്നീ പദങ്ങൾ ആമുഖത്തിൽ ഇല്ലാത്ത ആദ്യ ഭരണഘടനാ പതിപ്പ്.യഥാർഥ ഭരണഘടനയുടെ പതിപ്പാണെന്നും ഇത് അർഹിക്കുന്ന ആദരവോടെ സൂക്ഷിക്കണമെന്നും മൂല്യവത്തായ പഠനസാമഗ്രിയായി ഉപയോഗിക്കാമെന്നും കേന്ദ്രീയ വിദ്യാലയ സമിതി ഡെപ്യൂട്ടി കമ്മിഷണർ ഡി.പി. പട്ടേൽ ജൂൺ പത്തിന് സ്‌കൂളുകളിലേക്ക് അയച്ച കത്തിൽ പറയുന്നു. കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിൻ അർധ ഔദ്യോഗിക കത്ത് പ്രകാരമുള്ള നടപടിയാണിതെന്നും സൂചിപ്പിച്ചിട്ടുണ്ട്.

ഭരണഘടനയുടെ ആമുഖം, മൗലികാവകാശം, നിർദേശകതത്ത്വങ്ങൾ തുടങ്ങിയവ ക്ലാസ് മുറികളിൽ പഠിപ്പിക്കാൻ സാമൂഹികശാസ്ത്ര അധ്യാപകർക്ക് ഇത് ഉപയോഗിക്കാം. അതുവഴി വിദ്യാർഥികളിൽ ഭരണഘടനാ സാക്ഷരതയും സാമൂഹ്യ ബോധവും സൃഷ്ടിക്കാം. ദേശീയ-ഭരണഘടനാപ്രാധാന്യമുള്ള ദിനങ്ങളിലെ അസംബ്ലിയിൽ ഈ പകർപ്പ് പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണമെന്നും കത്തിൽ പറയുന്നു.

1950-ൽ ഭരണഘടന നിലവിൽ വരുമ്പോൾ സോഷ്യലിസവും മതേതരത്വവും ആമുഖത്തിൽ ഇല്ലായിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കേ 1976-ൽ അടിയന്തിരാവസ്ഥക്കാലത്ത് കൊണ്ടുവന്ന 42-ാം ഭേദഗതിയിലാണ് ഇവ കൂട്ടിച്ചേർക്കപ്പെട്ടത്. ഇതാണ് നിലവിലെ അംഗീകൃത ആമുഖം, എന്നിരിക്കേയാണ് സ്കൂളുകളിലേക്ക് ആദ്യ ഭരണഘടനാ പതിപ്പ് അയച്ചുകൊടുത്തത്.

  • Share This Article
Drisya TV | Malayalam News