രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് കൊള്ളയിലെ പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്കെതിരെ കർശന നടപടി സ്വീകരിക്കുമന്ന് അയോധ്യ ബാർ അസോസിയേഷൻ. കേസിൽ പ്രതികൾക്കായി വാദിക്കുന്ന ഏതൊരു അംഗത്തിനും അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്ന് അസോസിയേഷൻ തിങ്കളാഴ്ച ചേർന്ന ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചു.
രാമക്ഷേത്രത്തിലെ വഴിപാടുകളും സംഭാവനകളും കൊള്ളയടിച്ച സംഭവം വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും, അതുകൊണ്ടുതന്നെ പ്രതികളെ ആരും പ്രതിരോധിക്കേണ്ടതില്ലെന്നും ബാർ അസോസിയേഷൻ സെക്രട്ടറി ശൈലേന്ദ്ര ജയ്‌സ്വാൾ വ്യക്തമാക്കി. അതുകൊണ്ട് ഫൈസാബാദിലെ അഭിഭാഷകർ ആരും തന്നെ ഈ കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരാകേണ്ടതില്ലെന്ന് ഏകകണ്ഠമായി തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാർ അസോസിയേഷൻ പ്രസിഡന്റ് കാളിക പ്രസാദ് മിശ്രയുടെ പ്രഖ്യാപനത്തിന്റെ വിഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രസാദ് മിശ്ര ആരോപിച്ചു. ചമ്പത് റായ്, ഗോപാൽ റാവു, അനിൽ മിശ്ര എന്നിവരുടെ അറിവില്ലാതെ ഇത്രയും വലിയ തട്ടിപ്പ് നടക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രോസിക്യൂഷൻ കേസ് കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചതായും പ്രസാദ് മിശ്ര അറിയിച്ചു.
തട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദമുയർന്ന സാഹചര്യത്തിൽ ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവർ അയോധ്യ വിട്ടുപോകണമെന്നും, അല്ലെങ്കിൽ നഗരം ഉപരോധിക്കുമെന്നും അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2005ലെ രാമക്ഷേത്ര ഭീകരാക്രമണ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരാകേണ്ടതില്ലെന്ന് ബാർ അസോസിയേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. അതേ മാതൃകയാണ് ഇപ്പോഴും പിന്തുടരുന്നത്.