സംസ്ഥാനത്ത് പൊലീസ് സ്‌റ്റേഷനുകള്‍ വീണ്ടും സബ് ഇന്‍സ്‌പെക്ടര്‍മാര്‍ (എസ്‌ഐ) നിയന്ത്രിക്കും. സർക്കിൾ സംവിധാനം മടങ്ങിയെത്തും. 210 പൊലീസ് സര്‍ക്കിളുകള്‍ രൂപീകരിച്ച് സിഐമാര്‍ക്കു ചുമതല നല്‍കാൻ സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ ആഭ്യന്തരവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസ് സംവിധാനത്തില്‍ സമഗ്രമായ മാറ്റം നിര്‍ദേശിച്ചാണ് ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എട്ടു വര്‍ഷം മുന്‍പ് നടപ്പാക്കിയ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സംവിധാനത്തിലാണ് സമഗ്രമായ മാറ്റം നിര്‍ദേശിച്ചത്. സംസ്ഥാനത്തെ വലിയ 63 സ്റ്റേഷനുകളില്‍ മാത്രം ഇന്‍സ്‌പെക്ടര്‍മാര്‍ നേരിട്ട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ആയാല്‍ മതിയെന്നാണ് ഡിജിപിയുടെ പ്രധാന ശുപാര്‍ശ. ക്രമസമാധാന ചുമതലയില്‍ നിന്നും ഒഴിവാക്കുന്ന 206 ഇന്‍സ്‌പെക്ടർമാരെ മറ്റ് പ്രധാന മേഖലകളിലേക്ക് മാറ്റി നിയമിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ആസ്ഥാനത്തെ എഡിജിപിയുടെ നേതൃത്വത്തിലാണ് എസ്എച്ച്ഒ സംവിധാനം സംബന്ധിച്ച് സമഗ്രമായ പഠനം നടത്തിയത്. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാന്‍ 2017ലാണ് ഇടതു സര്‍ക്കാര്‍ തീരുമാനിച്ചത്.
സബ് ഇന്‍സ്‌പെക്ടര്‍മാര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ എന്ന നിലയില്‍ പൊലീസ് സ്‌റ്റേഷനുകള്‍ നിയന്ത്രിക്കുന്ന രീതിയാണ് മുന്‍പുണ്ടായിരുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍മാരുമാണ് മേല്‍നോട്ടച്ചുമതല വഹിച്ചിരുന്നത്. എന്നാല്‍ 2018ല്‍ സര്‍ക്കിള്‍ ഓഫിസുകള്‍ നിര്‍ത്തലാക്കിയതോടെ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരെ (സിഐ) പൊലീസ് സ്‌റ്റേഷനുകളില്‍ എസ്എച്ച്ഒമാര്‍ ആക്കുകയായിരുന്നു. പരിചയസമ്പന്നരായ ആളുകള്‍ സ്‌റ്റേഷന്റെ ചുമതല വഹിക്കുന്നുവെന്ന നേട്ടമാണ് പറഞ്ഞിരുന്നത്. എസ്‌ഐമാര്‍ തമ്മിലുള്ള അധികാരപ്പോര് ഒഴിവാക്കാനും കഴിഞ്ഞിരുന്നു.
എന്നാല്‍, പ്രധാനപ്പെട്ട സ്‌റ്റേഷനുകളില്‍ മാത്രം ഇന്‍സ്‌പെക്ടര്‍തല എസ്എച്ച്ഒമാര്‍ മതിയെന്ന വിലയിരുത്തലിലേക്കാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. നേരിട്ട് റിക്രൂട്ട് ചെയ്യപ്പെടുന്ന സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എസ്എച്ച്ഒമാരുടെ ചുമതല വഹിക്കുമ്പോള്‍ അവര്‍ക്കു കൂടുതല്‍ പ്രഫഷനല്‍ മികവു ലഭിക്കുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കുറച്ച് പൊലീസ് സ്‌റ്റേഷനുകളുടെ മാത്രം മേല്‍നോട്ടച്ചുമതലയിലേക്കു വരുമ്പോള്‍ ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാനും പ്രശ്‌നങ്ങള്‍ അറിയാനും കഴിയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചുകളില്‍ ഒരു ഇന്‍സ്‌പെക്ടറെയും പ്രോസിക്യൂഷന്‍ നിരീക്ഷണത്തിന് ഒരു ഇന്‍സ്‌പെക്ടറെയും നിയമിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. പുതിയ സംവിധാനം നടപ്പാക്കാന്‍ രണ്ടു മാസം സമയം വേണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എസ്എച്ച്ഒമാരുടെ ചുമതല വഹിക്കേണ്ട സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് രണ്ടാഴ്ചത്തെ പരിശീലനം നല്‍കണം. പൊതുജനങ്ങള്‍ക്കു പെട്ടെന്നു തിരിച്ചറിയാന്‍ ഇവര്‍ക്കു പ്രത്യേക ബാഡ്ജ് നല്‍കണം. എഎസ്‌ഐമാരെ പൊലീസ് സ്‌റ്റേഷനുകളില്‍ ക്രമസമാധാനം, ക്രൈം, പ്രോസിക്യൂഷന്‍ വിഭാഗങ്ങളുടെ ചുമതല ഏല്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം സിറ്റിയില്‍ അഞ്ച് സബ് ഡിവിഷനുകളിലായി 23 സ്‌റ്റേഷനുകളാണ് നിലവിലുള്ളത്. ഇതില്‍ മ്യൂസിയം, ഫോര്‍ട്ട്, തമ്പാനൂര്‍, വിഴിഞ്ഞം, കഴക്കൂട്ടം, മെഡിക്കല്‍ കോളജ് എന്നീ 6 സ്‌റ്റേഷനുകളില്‍ മാത്രം ഇന്‍സ്‌പെക്ടര്‍മാര്‍ എസ്എച്ച്ഒമാരായി തുടരും. ബാക്കിയിടങ്ങളില്‍ സബ് ഇന്‍സ്‌പെക്ടമാര്‍ എസ്എച്ച്ഒമാരാകും. കന്റോണ്‍മെന്റ്, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, നേമം, കോവളം, ശ്രീകാര്യം, പേട്ട, പൂന്തുറ സര്‍ക്കിളുകളാണ് പുതുതായി രൂപീകരിക്കുന്നത്.