Drisya TV | Malayalam News

അമേരിക്കയും ഇറാനും തമ്മിലെ ധാരണാപത്രത്തെ ഇന്ത്യ സ്വാഗതം ചെയ്തതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ

 Web Desk    23 Jun 2026

അമേരിക്കയും ഇറാനും തമ്മിലെ ധാരണാപത്രത്തെ (എം.ഒ.യു) ഇന്ത്യ സ്വാഗതം ചെയ്തതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൊവ്വാഴ്ച അറിയിച്ചു. ഈ ധാരണ പ്രാദേശിക സ്ഥിരതക്കും ഊർജസുരക്ഷക്കും ആഗോള വ്യാപാരത്തിനും അനുകൂലമാകുമെന്ന പ്രതീക്ഷ ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 16-ാമത് ബ്രിക്സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ സംസാരിക്കവെയാണ് ഡോവൽ ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണ ആഗോള ഊർജവിതരണത്തിനും സമുദ്രവ്യാപാരത്തിനും അനുകൂല സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. “അമേരിക്കയും ഇറാനും തമ്മിൽ കൈവരിച്ച ധാരണയെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. ഈ കരാർ വിജയകരമാകുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ജാഗ്രതയോടെയുള്ള പ്രതീക്ഷയുണ്ട്. ഇത് ഊർജസുരക്ഷ ശക്തിപ്പെടുത്തും. ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് വളരെ സ്വാഗതാർഹമായ മുന്നേറ്റമാണ്” ഡോവൽ വ്യക്തമാക്കി.

മേഖലയിലെ സംഘർഷാവസ്ഥ കുറയുന്നത് വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കാനും രാസവസ്തുക്കൾ, വളങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിലെ ക്ഷാമം പരിഹരിക്കാനും സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹുർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിലയിരുത്തി. മെച്ചപ്പെട്ട സമുദ്രഗതാഗത സൗകര്യം മേഖലയിലെ രാജ്യങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ നൽകുകയും കൂടുതൽ സമൃദ്ധിയിലേക്ക് നയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക-ഇറാൻ സമാധാന ധാരണയെ സ്വാഗതം ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷം വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളും ജീവഹാനിയും ഉണ്ടാക്കിയെന്നും അഭിപ്രായപ്പെട്ടിരുന്നു. സാമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ, കരാർ നടപ്പിലാകുന്നത് മേഖലയിലെ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനും വ്യാപാര-കപ്പൽ ഗതാഗതത്തിന്റെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കാനും സഹായിക്കുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി രേഖപ്പെടുത്തിയിരുന്നു.

  • Share This Article
Drisya TV | Malayalam News