ചൈനയിലെ തെരുവിൽ ചാർജ്ജ് ചെയ്യാനായി പണം യാചിക്കുന്ന ഒരു ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ വൈറലായി. ഒരു പ്ലേറ്റും ക്യുആർ കോഡും ഉപയോഗിച്ച് സംഭാവനകൾ സ്വീകരിക്കുന്ന ഈ റോബോട്ടിന്റെ ദൃശ്യം, ഇത് മാർക്കറ്റിംഗ് തന്ത്രമാണോ എന്നതുൾപ്പെടെയുള്ള ചർച്ചകൾക്ക് വഴിവെച്ചു. സമാനമായ റോബോട്ട് യാചകരെ മറ്റ് ചൈനീസ് നഗരങ്ങളിലും കണ്ടതായി റിപ്പോർട്ടുകളുണ്ട്.
ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഒരു നടപ്പാതയിൽ മുട്ടുകുത്തി നിൽക്കുന്ന ഒരു ഹ്യൂമനോയിഡ് റോബോട്ടിന്‍റെ വീഡിയോയാണ് വൈറലായത്. റോബോർട്ടിന്‍റെ പ്രവർത്തിയാണ് അവനെ വൈറലാക്കിയത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവച്ച ക്ലിപ്പിൽ, വൈദ്യുതി ചാർജ്ജ് ചെയ്യാൻ മനുഷ്യരോട് പണം യാചിക്കുന്ന റോബോട്ടിനെ കാണിച്ചു. വീഡിയോയിൽ റോബോട്ട് ഒരു കാൽമുട്ടിൽ ഇരുന്ന് കൈകൾ ഒരുമിച്ച് ചേർത്ത് വഴിയാത്രക്കാർക്ക് നേരെ കുപ്പുന്നു. അതിനടുത്തായി പണം സംഭാവന ചെയ്യാനായി തയ്യാറാക്കിയ ഒരു ചെറിയ പ്ലേറ്റും ഡിജിറ്റൽ പേയ്‌മെന്‍റുകൾക്കായി ഒരു ക്യുആർ കോഡും വച്ചിട്ടുണ്ട്. "റീചാർജ് ചെയ്യാൻ പണമില്ല", "വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ സഹായിക്കൂ" എന്നീ സന്ദേശങ്ങൾ ഒരു എൽഇഡി ബോർഡിലും ലൗഡ്‌സ്പീക്കറിലും ആവർത്തിക്കുന്നു. ചൈനീസ് റോബോട്ടിക് സ്ഥാപനമായ യൂണിട്രീ നിർമ്മിച്ച ഒരു ഹ്യൂമനോയിഡ് ആയ യൂണിട്രീ ജി1 ആണ് ഈ റോബോട്ടെന്ന് തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. ഈ വർഷം ആദ്യം മറ്റൊരു ജി1 ഇക്വഡോറിലെ ചിംബോറാസോ അഗ്നിപർവ്വതം കയറിയപ്പോഴും ഇതേ കമ്പനി വാർത്തകളിൽ ഇടം നേടിയിരുന്നു.