ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലെ ഗ്രാമത്തിലെ ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പതിനാലുകാരനായ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് താൻ മദ്യലഹരിയിലായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രി അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം കുടുംബം അറിഞ്ഞത്. തുടർന്ന് ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ, വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള പാടത്ത് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനു നേരെ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. മറ്റ് ഫൊറൻസിക്, മെഡിക്കൽ പരിശോധനകളുടെ ഫലങ്ങൾ കൂടി ഇനി ലഭിക്കാനുണ്ട്. ഗ്രാമത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതും പ്രദേശവാസികളെ ചോദ്യം ചെയ്തതുമാണു കേസിൽ നിർണായക വഴിത്തിരിവായത്. തുടർന്ന് കഴിഞ്ഞ ആഴ്‌ച മാത്രം ഗ്രാമത്തിൽ തിരിച്ചെത്തിയ പതിനാലുകാരനായ ബന്ധുവിലേക്ക് അന്വേഷണം നീളുകയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.