മൂന്ന് തദ്ദേശീയ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധം, സർവേ, സബ്മറൈൻ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഈ കപ്പലുകൾ സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്ക് കേവലം വാങ്ങുന്ന ഒരു രാജ്യം മാത്രമായി തുടരാനാവില്ല. നമ്മുടെ സായുധ സേന ലോകത്തിന്റെ ഒരു വിപണിയായി മാറാൻ പാടില്ല. തദ്ദേശീയമായി നിർമ്മിച്ച മൂന്ന് കപ്പലുകൾ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ശക്തിയുടെയും കഴിവിന്റെയും പ്രതീകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മൂന്ന് കപ്പലുകളും ഇന്ത്യയിൽ രൂപകൽപ്പന ചെയ്‌തവയാണ്. അവ ഇന്ത്യൻ വ്യവസായങ്ങളുടെ പ്രതിഭയുടെയും ഇന്ത്യൻ എഞ്ചിനീയർമാരുടെ കഴിവിന്റെയും ഇന്ത്യൻ തൊഴിലാളികളുടെ കഠിനാധ്വാനത്തിൻ്റെയും ഫലമാണ്. ഇതാണ് പുതിയ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. ഇന്ന് പ്രതിരോധ മേഖലയിൽ വെറും വാങ്ങുന്നയാൾ മാത്രമായി തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. നമ്മുടെ സൈനിക ശക്തിക്ക് ലോകത്തിന്റെ ഒരു വിപണിയായി മാറാൻ കഴിയില്ല. നമ്മുടെ ശക്തിയുടെ നിർവചനം സ്വയംപര്യാപ്തതതയിലാണ്.' അദ്ദേഹം പറഞ്ഞു.
കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി പോർട്ടിൽ വെച്ച് കമ്മീഷൻ ചെയ്ത മൂന്ന് കപ്പലുകളിൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് 'ദുണഗിരി', സർവേ കപ്പലായ 'സൻഷോധക്', ആൻറി സബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റായ 'അഗ്രയ്' എന്നിവ ഉൾപ്പെടുന്നു. സമുദ്രയുദ്ധം, ഹൈഡ്രോഗ്രാഫിക് സർവേയിങ്, അണ്ടർവാട്ടർ വാർഫെയർ എന്നീ മൂന്ന് നിർണ്ണായക മേഖലകളിൽ നാവികസേനയുടെ ശേഷി വർദ്ധിപ്പിക്കുന്നവയാണ് ഈ കപ്പലുകൾ.