പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിലേക്ക് ആദ്യമായെത്തുന്ന കുരുന്നുകളെ സ്വീകരിക്കുന്ന ചടങ്ങിൽ, സ്വന്തം സ്കൂൾ കാലഘട്ടത്തിലെ രസകരമായ ഓർമ്മകൾ പങ്കുവെച്ചാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്.
സ്കൂളിലും കോളേജിലുമായി പഠിച്ച 12 വർഷത്തിനിടയിൽ ഒരിക്കൽ പോലും വീട്ടിൽനിന്ന് ആരും തന്നെ അന്വേഷിച്ചു വിദ്യാലയത്തിൽ വന്നിട്ടില്ലെന്ന് വി.ഡി. സതീശൻ ഓർമ്മിച്ചു. പഠനകാലത്ത് ചില കുസൃതികളൊക്കെ കാട്ടിയപ്പോൾ വീട്ടിൽനിന്ന് ആളെ വിളിച്ചുകൊണ്ടുവരാൻ അധ്യാപകർ ആവശ്യപ്പെട്ടെങ്കിലും അതൊക്കെ താൻ തന്നെ കൈകാര്യം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. കോളേജിൽ പ്രീഡിഗ്രിക്ക് ചേർക്കാൻ വേണ്ടി മാത്രമാണ് അന്ന് രക്ഷിതാക്കൾ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ അമ്മമാർ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ. യോഗങ്ങളിൽ പങ്കെടുക്കുന്നവരിൽ 80 ശതമാനവും സ്ത്രീകളാണെന്നത് കുട്ടികളുടെ പഠനകാര്യത്തിൽ അവർക്കുള്ള താല്പര്യമാണ് കാണിക്കുന്നത്.അധ്യാപകരും രക്ഷിതാക്കളും തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടാകണമെന്നും കുട്ടികളിലെ പ്രത്യേക കഴിവുകൾ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത ചരിത്രകാരൻ എം.ജി.എസ്. നാരായണന്റെ മകൻ ലണ്ടനിലെ സ്കൂളിൽ പഠിക്കുമ്പോൾ, അവിടുത്തെ അധ്യാപകർ കുട്ടിയുടെ ഗണിതത്തിലുള്ള പ്രത്യേക കഴിവ് തിരിച്ചറിഞ്ഞ സംഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.ഓരോ കുട്ടിക്കുമുള്ള വ്യത്യസ്‌തമായ താല്പര്യങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടെത്താൻ സാധിക്കണം.
വിജ്ഞാന വിസ്ഫോടനത്തിന്റെ കാലത്താണ് നാം ജീവിക്കുന്നതെന്നും അറിവുകൾ വേഗത്തിൽ കാലഹരണപ്പെട്ടുപോകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി മനുഷ്യബുദ്ധിയേക്കാൾ വേഗത്തിൽ വളരുകയാണ്. മുൻപ് മനുഷ്യൻ കണ്ടുപിടിച്ച കഠാരയോ തോക്കോ ബോംബോ പ്രവർത്തിക്കാൻ ഒരു മനുഷ്യന്റെ സഹായം ആവശ്യമായിരുന്നു. എന്നാൽ, മനുഷ്യചരിത്രത്തിൽ ആദ്യമായി സ്വയം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ള കണ്ടുപിടുത്തമായി നിർമ്മിത ബുദ്ധി
മാറുകയാണ്.അറിവ് തേടിയുള്ള അന്വേഷണമാണ് ജീവിതമെന്നും വായനയിലൂടെയും മറ്റും പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ കുട്ടികൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം സന്ദേശം നൽകി.