പിണറായി വിജയന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സംശയാസ്‌പദമായ രേഖകളൊന്നും കണ്ടെത്തിയില്ലെന്ന് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് പിണറായിയിലെ 'പ്രവിക്' എന്ന വീട്ടിൽ പരിശോധന നടത്തിയതെന്നും ഇ.ഡി അറിയിച്ചു. കൊച്ചി സോണൽ ഓഫിസ് ഡപ്യൂട്ടി ഡയറക്‌ടർ എസ്. സിമി പുറപ്പെടുവിച്ച സെർച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോഴിക്കോട് സബ് സോണൽ ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടർ പ്രശാന്ത് സൗഭരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്‌ച രാവിലെ 7:50ന് എത്തിയത്. രണ്ട് വനിതകൾ ഉൾപ്പെടെ ആറ് സിആർപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ടായിരുന്നു.
തുടർന്ന് സിപിഎം പിണറായി ലോക്കൽ സെക്രട്ടറി സി. നന്ദനന്റെ സാന്നിധ്യത്തിൽ, വീടിന്റെ കെയർ ടേക്കർ നാണു വീട് തുറന്നുനൽകി. എട്ടരയോടെ പരിശോധന ആരംഭിച്ചു. പരിശോധനയിൽ സംശയാസ്പദമായോ കുറ്റകരമായോ ഉള്ള രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെത്താനോ പിടിച്ചെടുക്കാനോ സാധിച്ചില്ല.പരിശോധനയ്ക്കിടയിൽ നാണുവിന്റെ മൊഴി രേഖപ്പെടുത്തി.
പ്രവർത്തകരുടെ പ്രതിഷേധം കാരണം പിണറായിയുടെ വീട്ടിൽ നിന്നും ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ് ഉൾപ്പെടെ വൻ പൊലീസ് സംഘം സ്‌ഥലത്തെത്തി. തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, വി. ശിവദാസൻ എംപി എന്നിവരുമായി ചർച്ച നടത്തുകയും ഉദ്യോഗസ്ഥർക്ക് തിരിച്ചു പോകാനുള്ള സൗകര്യം ഒരുക്കുകയുമായിരുന്നു.