Drisya TV | Malayalam News

ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ബി.അശോകും എൻ.പ്രശാന്തും വൈകാതെ സർവീസിൽ തിരിച്ചെത്തിയേക്കും

 Web Desk    27 May 2026

സസ്പെൻഷനിൽ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ബി.അശോകും എൻ.പ്രശാന്തും വൈകാതെ സർവീസിൽ തിരിച്ചെത്തിയേക്കും. മുൻ സർക്കാരിനെയും ചീഫ് സെക്രട്ടറിയെയും വിമർശിച്ചതിന്റെ പേരിൽ ഇവർക്കെതിരെ എടുത്ത അച്ചടക്കനടപടി പുനഃപരിശോധിക്കാനുള്ള നടപടികളിലേക്ക് പുതിയ സർക്കാർ കടന്നു. വിവിധ വകുപ്പുകളിലേക്ക് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ വരുംദിവസങ്ങളിൽ നിയമിക്കുന്നതിനൊപ്പം ഇവരുടെ കാര്യത്തിലും തീരുമാനമുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

നിയമനം സംബന്ധിച്ച് മന്ത്രിമാരുമായി മുഖ്യമന്ത്രി അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ട്. വിമർശിച്ചതിന്റെ പേരിലെടുത്ത നടപടി അനാവശ്യമാണെന്നാണു സർക്കാർ നിലപാട്. സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുമ്പോൾ 2 പേർ പുറത്തുനിൽക്കുന്നത് ഉചിതമല്ലെന്നും വിലയിരുത്തുന്നു. ഇവരുടെ സസ്പെൻഷൻ ഉറപ്പായും പരിശോധിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രതികരിച്ചത്.

ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിൽ ഒന്നര വർഷത്തോളമായി സസ്പെൻഷനിലാണു പ്രശാന്ത്. പിണറായി വിജയനെയും മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെ കഴിഞ്ഞ മാസമാണ് അശോകിനെ സസ്പെൻഡ് ചെയ്തത്. അനുവാദമില്ലാതെ മാധ്യമങ്ങളോടു സംസാരിച്ചു, സർക്കാരിന്റെ പ്രതിഛായ മോശമാക്കി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനു മേൽ ചുമത്തിയത്.

  • Share This Article
Drisya TV | Malayalam News