പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും വസതികളിലെ റെയ്ഡ് അവസാനിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കണ്ണൂരിൽ പിണറായിയുടെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും കൂവി വിളിച്ചു. ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുകയും വാഹനത്തിന് നേരെ അക്രമം അഴിച്ചുവിടുകയും ചെയ്തു.
ഇതോടെ പ്രതിപക്ഷനേതാവിൻ്റെ തലസ്ഥാനത്തെ വസതിയുടെ പരിസരത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്. പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിനെതിരെ ഡൽഹിയിലും പ്രതിഷേധം കത്തുന്നു.എൻഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് സി.പി.എം സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത എം.എ ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഡൽഹി പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരുടെ കാർ തടഞ്ഞെങ്കിലും നേതാക്കൾ ഇടപ്പെട്ട് വിട്ടയച്ചു. പ്രതിഷേധ മുദ്രാവാക്യങ്ങളുയർന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും വസതികളിലടക്കം 12 ഓളം ഇടങ്ങളിലാണ് ഇഡി റെയ്‌ഡ് നടത്തുന്നത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.