മേനോൻപാറയിലെ പൊതുമേഖലാ സ്ഥാപനമായ മലബാർ ഡിസ്റ്റിലറീസിൽ നിന്നുള്ള പുതിയ ബ്രാൻഡിയായ 'മിന്നൽ മാജിക്കിന്റെ' ഉത്പാദനം താല്ക്കാലികമായി നിർത്തിവെച്ചു. ബെവറജസ് കോർപ്പറേഷൻ എം.ഡി. എം.ആർ. അജിത്കുമാറിന്റെ കർശന നിർദേശപ്രകാരമാണ് നടപടി. ഇതോടെ ഈ ആഴ്ച തന്നെ പുതിയ ബ്രാൻഡി വിപണിയിലെത്തിക്കാനുള്ള കമ്പനിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായി. മേയ് അവസാനവാരത്തോടെ 'മിന്നൽ മാജിക്' ബെവ്കോ ഔട്ട്‌ലെറ്റുകളിൽ എത്തിക്കാനായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്. ഇതിനായുള്ള ട്രയൽ റൺ ഉൾപ്പെടെയുള്ള നടപടികൾ നേരത്തെ പൂർത്തിയാക്കിയിരുന്നു.
യു.ഡി.എഫ്. സർക്കാർ അധികാരമേറ്റതിന് പിന്നാലെ കമ്പനിയിലെ താത്കാലിക ജീവനക്കാരുടെ നിയമനത്തെച്ചൊല്ലി ഉയർന്ന രാഷ്ട്രീയ വിവാദങ്ങളാണ് ഉത്പാദനം പെട്ടെന്ന് നിർത്താൻ ഇടയാക്കിയതെന്നാണ് സൂചന. എൽ.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്ത് കമ്പനിയിൽ 90 താത്കാലിക സ്ത്രീത്തൊഴിലാളികളെ നിയമിക്കാൻ പട്ടിക തയ്യാറാക്കിയിരുന്നു. ഇതിനെതിരെ കോൺഗ്രസ് അനുകൂല സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സി.പി.എം. ഭരണത്തിലുള്ള നല്ലേപ്പിള്ളി പഞ്ചായത്തിലെ കുടുംബശ്രീ എ.ഡി.എസ് വഴി തയ്യാറാക്കിയ ഈ പട്ടികയ്ക്ക് പിന്നിൽ സി.പി.എം. നേതാക്കളുടെ രാഷ്ട്രീയ ഇടപെടലുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതുസംബന്ധിച്ച് കമ്പനി അധികൃതർക്കും പുതിയ എക്‌സൈസ് മന്ത്രിക്കും പരാതികൾ ലഭിച്ചിട്ടുണ്ട്.
അതേസമയം, താത്കാലിക തൊഴിലാളികളുടെ പട്ടിക പൂർണ്ണമായും സുതാര്യമായാണ് കുടുംബശ്രീ തയ്യാറാക്കിയതെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. മുൻപ് തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സുമായി ബന്ധപ്പെട്ട കേസിൽ, പൊതുമേഖലാ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ബ്ലോക്ക് പരിധിയിലുള്ള കുടുംബശ്രീകളിൽ നിന്ന് മാത്രമായിരിക്കണം നിയമനമെന്ന് ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശമുണ്ട്.
ഇതനുസരിച്ച് സർക്കാർ നിർദേശപ്രകാരം ചിറ്റൂർ ബ്ലോക്കിലെ ഏഴ് ഗ്രാമപ്പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളെയാണ് ടെൻഡറിനായി പരിഗണിച്ചത്. പങ്കെടുത്ത 55 യൂണിറ്റുകളിൽ 45 എണ്ണവും ഒരേ തുക ക്വോട്ട് ചെയ്തതോടെ നറുക്കെടുപ്പിലൂടെയാണ് നല്ലേപ്പിള്ളി എ.ഡി.എസിനെ തിരഞ്ഞെടുത്തത്. ഇവരാണ് തൊഴിലാളികളുടെ പട്ടിക നൽകിയതെന്നും കമ്പനി അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ വിഷയത്തിൽ പുതിയ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നിയമനങ്ങളിൽ പൂർണ്ണമായ സുതാര്യത ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഉത്പാദനം പുനരാരംഭിക്കാവൂ എന്നുമാണ് കോൺഗ്രസ് അനുകൂല സംഘടനകളുടെ ആവശ്യം.