തമിഴ്നാട്ടിൽ സി. ജോസഫ് വിജയ് നയിക്കുന്ന സർക്കാർ, മുൻ മുഖ്യമന്ത്രി സ്റ്റാലിൻ നടപ്പാക്കുകയും പിന്നീട് നിർത്തുകയും ചെയ്തൊരു ജനകീയ പദ്ധതി പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്. 2021ൽ നടപ്പാക്കിയ സ്വർണപ്പണയ വായ്പ എഴുതിത്തള്ളൽ പദ്ധതി പുനരവതരിപ്പിക്കുമെന്ന് സഹകരണ മന്ത്രി വി. ഗാന്ധിരാജ് പറഞ്ഞു.
40 ഗ്രാം വരെ സ്വർണപ്പണയമുള്ള വായ്പകളായിരുന്നു സ്റ്റാലിൻ സർക്കാർ എഴുതിത്തള്ളിയത്. ഇതുവഴി 11.7 ലക്ഷം പേർക്ക് ആശ്വാസം ലഭിച്ചിരുന്നു. സഹകരണ ബാങ്കുകളിലെ ആകെ 4904 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്. സ്വർണം അതത് ഇടപാടുകാർക്ക് തിരികെ നൽകുകയും ചെയ്തു.
വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാനത്തെ ഓരോ വധുവിനും ഒരു പവൻ സ്വർണാഭരണവും ഒരു സിൽക്ക് സാരിയും വാഗ്ദാനം ചെയ്തിരുന്നു. വാർഷിക വരുമാനം 5 ലക്ഷം രൂപയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾക്കാണ് ഇതു ലഭിക്കുക.
3000 രൂപ ക്ഷേമപെൻഷൻ, ബിരുദധാരികളായ തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് മാസം 4000 രൂപ, വനിതാ സ്വയംസഹായ സംഘങ്ങൾക്ക് 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ എന്നിങ്ങനെയും വാഗ്ദാനങ്ങൾ ടിവികെ നൽകിയിട്ടുണ്ട്. പ്രതിവർഷം 6 എൽപിജി സിലിണ്ടറുകൾ ഫ്രീ, പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി എന്നിങ്ങനെയും നീളുന്നു വിജയ്‍യുടെ വാഗ്ദാനങ്ങൾ.