Drisya TV | Malayalam News

26 വർഷം മുമ്പ് ഡാമിൽ മുങ്ങിയ ഓമ്‌നി വാൻ കണ്ടെത്തി 

 Web Desk    25 May 2026

ഹിമാചൽ പ്രദേശിലെ സത്‌ലജ് നദിയിലുള്ള അണക്കെട്ടാണ് ഭക്ര നംഗൽ. ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ടുകളിൽ രണ്ടാം സ്ഥാനമാണ് ഇതിനുള്ളത്. 226 മീറ്ററാണ് അതിന്റെ ഉയരം. അണക്കെട്ടിന്റെ നീളം 518.25 മീറ്ററും വീതി 9.1 മീറ്ററുമാണ്. ജലസംഭരണശേഷിയുടെ കാര്യത്തിൽ ഇന്ത്യയിലെ അണക്കെട്ടുകളിൽ മൂന്നാം സ്ഥാനത്താണ് ഭക്ര നംഗൽ. മുമ്പൊരിക്കൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, 'ഉയിർത്തെഴുന്നേൽക്കുന്ന ഇന്ത്യയുടെ പ്രതീകം' എന്നാണ് വിശേഷിപ്പിച്ചത്.

വർഷംതോറും ഒട്ടേറെ ആളുകളാണ് ഇവിടം സന്ദർശിക്കാനെത്തുന്നത്. കുറച്ചുദിവസം മുമ്പ് മറ്റ് ചില കാരണങ്ങളാലാണ് ഭക്ര നംഗൽ വാർത്തകളിലിടം പിടിച്ചത്. കുറച്ചുദിവസം മുമ്പ് ആരോ ഡാമിൽ മുങ്ങിമരിച്ചിരുന്നു. ആ ശരീരം പുറത്തെടുക്കാൻവേണ്ടി എത്തിയത് കമൽപ്രീത് സൈനി എന്ന മുങ്ങൽവിദഗ്ധനാണ്. മൃതദേഹത്തിനായുള്ള തിരച്ചിലിലാണ് മറ്റൊരു സംഭവം അദ്ദേഹം കാണുന്നത്. ഒരു ഓമ്‌നി വാൻ ഡാമിന്റെ അടിത്തട്ടിൽ കിടക്കുന്നു. അതിന്റെ പിൻഭാഗവും മേൽക്കൂരയുമെല്ലാം തുരുമ്പെടുത്ത് ഏകദേശം നശിച്ചിരുന്നു. മുൻഭാഗം മാത്രം വലിയ കേടുകൂടാതെയുണ്ട്. അതിനുള്ളിൽനിന്ന് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും സൈനി പറഞ്ഞു. കൈയിലുള്ള കയർ കൊണ്ട് അദ്ദേഹം വണ്ടി നന്നായി കെട്ടി. എന്നിട്ട് മുകളിലേക്ക് വന്ന് ആളുകളോട് കാര്യം പറഞ്ഞു. ഒടുവിൽ എല്ലാവരുടെയും പരിശ്രമം കൊണ്ട് വാൻ പുറത്തേക്കെടുക്കുകയും ചെയ്തു.

വർഷങ്ങൾക്കുമുമ്പ് ഡാമിൽ മുങ്ങിയ വാൻ ആണെന്ന് പിന്നീടാണ് എല്ലാവർക്കും മനസ്സിലായത്. 2000 ഒക്ടോബറിൽ കോട്‌ല ഗ്രാമത്തിൽനിന്നുള്ളൊരു കുടുംബം സഞ്ചരിച്ചിരുന്ന വണ്ടി, ഡാമിൽ വീണിരുന്നു. എട്ടുവയസ്സുള്ള കുട്ടിയടക്കം നാലുപേരാണ് വണ്ടിയിലുണ്ടായിരുന്നത്. വണ്ടി ഡാമിൽ വീണയുടനെ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. മുങ്ങൽവിദഗ്ധർ ഉൾപ്പെടെയുള്ളവർ ഒരുമാസത്തോളം പരിശ്രമിച്ചു. എന്നിട്ടും വണ്ടിയോ അതിലുള്ളവരുടെ മൃതദേഹങ്ങളോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 32 അടി താഴ്ചയിൽനിന്നാണ് ഓമ്‌നി ഇപ്പോൾ കണ്ടെത്തിയത്. വണ്ടിയിൽനിന്ന് കണ്ടെത്തിയ വസ്തുക്കളെല്ലാം കുടുംബത്തിന് കൈമാറി.

  • Share This Article
Drisya TV | Malayalam News