വ്യക്തിജീവിതത്തിലെയും ജോലിസ്ഥാലത്തെയും ടെന്‍ഷനില്‍ നിന്ന് മനസിനെ ശാന്തമാക്കാന്‍ പലര്‍ക്കും ലഭിക്കുന്ന ഇടവേളയാണ് പലപ്പോഴും ഷോപ്പിംഗ് സമയം. മാളുകളും ഷോപ്പിംഗ് സെന്ററുകളും വ്യാപകമായതോടെ ഷോപ്പിംഗ് കൂടുതല്‍ രസകരമായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പലര്‍ക്കും ഷോപ്പിംഗിനിടെ ബാഗുകളും മറ്റും അലോസരം സൃഷ്ടിക്കാറുണ്ട്.
ഈ പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരവുമായാണ് ഡല്‍ഹി ആസ്ഥാനമായ ക്യാരിമെന്‍ (Carrymen) എന്ന സ്റ്റാര്‍ട്ടപ്പ് രംഗത്തുവരുന്നത്. മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, എക്സിബിഷനുകള്‍, ഫെസ്റ്റിവലുകള്‍ പോലുള്ള തിരക്കേറിയ ഇടങ്ങളില്‍ സാധനങ്ങള്‍ കൈയില്‍ വഹിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പരിശീലനം നേടിയ സഹായികളെ (Carrymen Assistants) ലഭ്യമാക്കുന്നതാണ് ഇവരുടെ ബിസിനസ് മോഡല്‍.
തുടക്കത്തില്‍ ഡല്‍ഹിയിലെ പ്രധാന ലൊക്കേഷനുകളിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പിന്റെ ആശയം ലളിതമാണ്. ഷോപ്പിംഗ് ചെയ്യുന്ന സമയത്ത് ഉപഭോക്താവിന്റെ ബാഗുകളും സാധനങ്ങളും ക്യാരിമെനില്‍ നിന്നുള്ളയാള്‍ വഹിക്കും. അതിലൂടെ കുടുംബങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികളോടൊപ്പം എത്തുന്നവര്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.
വലിയ മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഏറെ സമയം ചെലവഴിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള സേവനമാണിത്. സ്റ്റാര്‍ട്ടപ്പിന്റെ ബിസിനസ് മോഡല്‍ രണ്ടുവിധത്തിലാണ്. ഒന്നാമത് നേരിട്ട് ഉപയോക്താക്കളില്‍ നിന്നുള്ള സേവനഫീസ്. രണ്ടാമത് മാളുകള്‍, റീട്ടെയില്‍ ബ്രാന്‍ഡുകള്‍, ഇവന്റ് സംഘാടകര്‍ എന്നിവരുമായി പങ്കാളിത്തം സ്ഥാപിച്ച് സേവനം നല്‍കുന്ന രീതി.
വ്യത്യസ്ത തരത്തിലുള്ള പാക്കേജുകള്‍ ക്യാരിമെന്‍ അവതരിപ്പിക്കുന്നുണ്ട്. 79 രൂപയാണ് ഏറ്റവും കുറഞ്ഞ പാക്കേജ്. 30 മിനിറ്റ് ക്യാരിമെന്‍ സ്റ്റാഫിന്റെ സേവനം ഈ തുകയ്ക്ക് ലഭിക്കും. ഒരു മണിക്കൂര്‍ സേവനത്തിന് 149 രൂപയാണ്. ഇത്തരത്തില്‍ വിവിധ പാക്കേജുകള്‍ ലഭ്യമാണ്. കുട്ടികളെ നോക്കാന്‍, കുട ചൂടിക്കാന്‍, ഷോപ്പിംഗില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ തുടങ്ങി ഒന്നിലധികം സേവനങ്ങള്‍ ക്യാരിമെന്‍ നല്കുന്നുണ്ട്.