അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. ബാക്കി 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി. എസ്.സി/എസ്.ടി. നിയമത്തിലെ 325, 325 എ വകുപ്പുകൾ കൂടി പ്രതികൾക്കു മേൽ ചുമത്തിക്കൊണ്ടാണ് ശിക്ഷാ കാലയളവ് വർധിപ്പിച്ചത്. നേരത്തെ വിചാരണക്കോടതി കേസിലെ 13 പ്രതികൾക്ക് ഏഴു വർഷം തടവും പിഴശിക്ഷയും 16-ാം പ്രതിക്ക് മൂന്നു മാസത്തെ തടവും വിധിച്ചിരുന്നു. ഇന്ന് അപ്പീലുകൾ പരിഗണിച്ച ഹൈക്കോടതി കേസിലെ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിടുകയും ബാക്കിയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സർക്കാർ അപ്പീൽ അനുവദിച്ചുകൊണ്ട് പ്രതികൾക്കെതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ കൂടി ഉൾപ്പെടുത്തുകയായിരുന്നു. 16-ാം പ്രതി മുനീറിനെ വിചാരണക്കോടതി മൂന്നു മാസത്തേക്ക് ശിക്ഷിച്ചത് ഒരു വർഷമാക്കി കൂട്ടി.
പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27കാരനായ മകൻ മധുവിനെ അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, ആൾക്കൂട്ടം അതിക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നു. പ്രതികൾ തന്നെ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണ് പ്രധാന തെളിവായി മാറിയത്. 2018 മേയ് 20ന് ആയിരുന്നു സംഭവം.