Drisya TV | Malayalam News

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവ്

 Web Desk    25 May 2026

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവ്. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുടെ നീക്കമാണ് കോടതിയുടെ അപ്രതീക്ഷിത ഉത്തരവിലൂടെ പൊളിഞ്ഞത്. ഇതോടെ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികളെ റിമാൻഡ് ചെയ്യാനുള്ള നടപടി പൊലീസ് ആരംഭിച്ചു. 

ഈ മാസം 18 മുതൽ ഷുഹൈബ് വധക്കേസ് വിചാരണ നടക്കുകയായിരുന്നു. അക്രമത്തിൽ പരുക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷൻ പൂർത്തിയാക്കി. പ്രതികളെ ഇവർ തിരിച്ചറിഞ്ഞു. എന്നാൽ പ്രതികളുടെ അഭിഭാഷകർ ക്രോസ് വിസ്താരത്തിനു തയാറായില്ല. ഇന്ന് കോടതിയിൽ ഹാജരായ പ്രതികളുടെ അഭിഭാഷകരായ സുനിൽ മഹേശ്വരൻ പിള്ള, എൻ.ആർ. ഷാനവാസ് എന്നിവർ ക്രോസ് വിസ്താരം നടത്തുന്നില്ലെന്നു കോടതിയെ അറിയിച്ചു. ഒന്ന് മുതൽ മൂന്ന് വരെ പ്രതികളുടെ അഭിഭാഷകനായ പി.വി. ഹരി കോടതിയിൽ എത്തിയില്ലെങ്കിലും ക്രോസ് വിസ്താരത്തിനില്ലെന്നു കോടതിയെ അറിയിച്ചു.

കേസ് നിലവിലെ കോടതിയിൽനിന്നു മാറ്റുന്നതിന്റെ ഭാഗമായാണ് ക്രോസ് വിസ്താരം നടത്തുന്നതിൽനിന്ന് അഭിഭാഷകർ വിട്ടുനിന്നത്. അഭിഭാഷകരുടെ തീരുമാനം തന്നെയാണോ പ്രതികൾക്കുമെന്നു കോടതി ചോദിച്ചപ്പോൾ അതെയെന്നു പ്രതികൾ മറുപടി നൽകി. അതേസമയം, പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് കോടതി ഇവരുടെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ വാദം തുടരട്ടെയെന്നും കോടതി അറിയിച്ചു. മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി റൂബി കെ. ജോസാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

  • Share This Article
Drisya TV | Malayalam News