റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നതു തുടരുമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. യുഎസുമായുള്ള വ്യാപാരക്കരാറിന്റെ പേരിലുള്ള നിയന്ത്രണങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നതിന് തടസ്സമാകുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.അതേസമയം, ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയ ഇളവ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് 30 ദിവസത്തേക്ക് കൂടി നീട്ടി. നിലവിലെ ഇളവിന്റെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു.
ഇളവിന്റെ കാലാവധി അവസാനിച്ചതിനാൽ ഇനിയും റഷ്യൻ എണ്ണ വാങ്ങുന്നതു തുടരുമോ എന്ന ചോദ്യം പെട്രോളിയം മന്ത്രാലയത്തിനുനേരെ ഉയർന്നത്.യുഎസുമായുള്ള വ്യാപാരക്കരാർ നിലവിൽ വരുന്നതിനു മുൻപും ശേഷവും ഇന്ത്യ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നുണ്ടെന്നും അത് തുടരുമെന്നും മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ പറഞ്ഞു. രാജ്യത്ത് ക്രൂഡോയിൽ ലഭ്യതയ്ക്കു കുറവു വന്നിട്ടില്ലെന്നും പ്രതിസന്ധിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.