കേരളത്തിന്റെ പതിമൂന്നാമതു മുഖ്യമന്ത്രിയായി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ പത്തു മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞ ചടങ്ങുകൾ വന്ദേമാതരം ആലപിച്ചാണ് ആരംഭിച്ചത്. തുടർന്ന് ചീഫ് സെക്രട്ടറി കെ. ജയതിലക് വി.ഡി. സതീശനെ സത്യപ്രതിജ്‌ഞയ്ക്കായി ക്ഷണിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. 'വടശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ...' എന്നുപറഞ്ഞാണ് വി.ഡി. സതീശൻ സത്യവാചകം ആരംഭിച്ചത്.തുടർന്ന് ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്‌ഞ.
മുഖ്യമന്ത്രിക്കു പിന്നാലെ മറ്റ് 20 മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്തു. പി.കെ.കുഞ്ഞാലിക്കുട്ടി രണ്ടാമതും രമേശ് ചെന്നിത്തല മൂന്നാമതും സത്യപ്രതിജ്‌ഞ ചെയ്തു. സണ്ണി ജോസഫ്, കെ.മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി.ജോൺ, എ.പി.അനിൽ കുമാർ, എൻ.ഷംസുദ്ദീൻ, പി.സി.വിഷ്ണുനാഥ്, റോജി എം.ജോൺ, ബിന്ദു കൃഷ്ണ, എം.ലിജു, കെ.എം.ഷാജി, പി.കെ.ബഷീർ, വി.ഇ.അബ്ദുൽ ഗഫൂർ, ടി.സിദ്ദീഖ്, കെ.എ.തുളജി, ഒ.ജെ.ജനീഷ് എന്നിവർ സത്യപ്രതിജ്‌ഞ ചെയ്തു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ രാഷ്ട്രീയനേതാക്കളും വിവിധ മതമേലധ്യക്ഷന്മാരും ചടങ്ങിൽ പങ്കെടുത്തു.