തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ.സർക്കാർ നിർദേശപ്രകാരമായിരിക്കും പൂരം എഴുന്നള്ളിപ്പ് നടത്തുക. ആഘോഷവും ആഡംബരവും ഉണ്ടാകില്ല. നിരോധിതമായി ഒരു വസ്തുവും വെടിക്കെട്ട് നിർമാണത്തിന് ഉപയോഗിച്ചിട്ടില്ല. ദേവസ്വത്തിലെ ചിലരും അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നും ഗിരീഷ് കുമാർ പറഞ്ഞു.
ദേശക്കാർ, പാറമേക്കാവ് വിഭാഗം, ദേവസ്വം മന്ത്രി, മറ്റ് ഭരണകൂട പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക. നിലവിൽ എക്സ്പ്ലോസീവ്, ഫൊറൻസിക് വിഭാഗങ്ങളുടെ പരിശോധനകൾ നടക്കുന്നുണ്ട്. ഇതിന് യാതൊരു തടസവും നിൽക്കില്ല. ഇരുപത് വർഷത്തിലധികമായി വെടിക്കെട്ട് കരാർ എടുക്കുന്ന കുടുംബമാണ് ഇത്തവണയും ചുമതല വഹിച്ചത്. ഇവർക്ക് മറ്റ് സ്ഥലങ്ങളിലും കരാറുകൾ ഉണ്ടാകാം. ദേവസ്വത്തിന് അനുവദിച്ചിട്ടുള്ള രണ്ടായിരം കിലോ വെടിക്കെട്ട് സാമഗ്രികൾ മാത്രമാണ് ഇവിടെ തയ്യാറാക്കിയിരുന്നത്.നിരോധിത വസ്തുക്കൾ ഒന്നും ഉപയോഗിച്ചിട്ടില്ല. അപകടത്തിൽ ദേവസ്വത്തിലെ നാലോ അഞ്ചോ ആളുകൾക്കും പരുക്കേറ്റിട്ടുണ്ട്. എല്ലാ പരിശോധനകളും പൂർത്തിയാക്കി, ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്താകും പൂരത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുകയെന്നും ഗിരീഷ് കുമാർ പറഞ്ഞു.
അതേസമയം, പൂരം നടത്തിപ്പിൽ ജനവികാരം പരിഗണിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കുന്നതിനെക്കുറിച്ച് ജില്ലാഭരണകൂടവുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തീരുമാനം അനുസരിക്കുമെന്നും വിശദമായ അന്വേഷണം നടക്കട്ടെയെന്നും രാജേഷ് പറഞ്ഞു.