Drisya TV | Malayalam News

നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ കൂടുതൽ ജൈവ തന്മാത്രകൾ കണ്ടെത്തി

 Web Desk    22 Apr 2026

നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ രാസപരീക്ഷണം വിജയകരമായി പൂർത്തിയാക്കി. പരീക്ഷണത്തിൽ ജീവന്റെ അടിസ്ഥാന ഘടകങ്ങളായ കൂടുതൽ ജൈവകണങ്ങൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ പറഞ്ഞു. 2020-ൽ ചൊവ്വയിലെ ഒരു പാറയിൽനിന്നും തുരന്നെടുത്ത സാംപിളുകൾ പരിശോധിച്ചതിൽനിന്നാണ് ഈ സുപ്രധാന കണ്ടെത്തൽ. ചൊവ്വയിൽനിന്ന് ഇതുവരെ ലഭിച്ചതിൽവെച്ച് ഏറ്റവും വൈവിധ്യമാർന്ന ജൈവ തന്മാത്രകളുടെ ശേഖരമാണിത്.

കണ്ടെത്തിയ 21 കാർബൺ അടങ്ങിയ തന്മാത്രകളിൽ ഏഴെണ്ണം ചൊവ്വയിൽ ആദ്യമായാണ് കണ്ടെത്തുന്നത്. ഇംഗ്ലീഷ് ഫോസിൽ ഗവേഷകയായ മേരി ആനിങ്ങിന്റെ സ്മരണാർഥം 'മേരി ആനിങ് 3' എന്ന് പേരിട്ടിരിക്കുന്ന സാംപിളിലാണ് ഇവ കണ്ടെത്തിയത്.

കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തടാകങ്ങളും അരുവികളും ഉണ്ടായിരുന്ന മൗണ്ട് ഷാർപ്പിലെ (Mount Sharp) കളിമൺ നിറഞ്ഞ പ്രദേശത്തുനിന്നാണ് ഈ സാംപിൾ ശേഖരിച്ചതെന്ന് നാസ പറഞ്ഞു.

പുതിയതായി കണ്ടെത്തിയ തന്മാത്രകളിൽ ജനിതകവിവരങ്ങളുടെ അടിസ്ഥാനമായ ഡി.എൻ.എ., ആർ.എൻ.എ. എന്നിവയുടെ മുൻഗാമിയായി കണക്കാക്കപ്പെടുന്ന നൈട്രജൻ ഹെറ്ററോസൈക്കിളും ഉൾപ്പെടുന്നു. കൂടാതെ, സൗരയൂഥത്തിന്റെ തുടക്കകാലത്ത് ജീവന്റെ അടിസ്ഥാന കണികകൾ വിതരണം ചെയ്തതെന്ന് വിശ്വസിക്കപ്പെടുന്ന ഉൽക്കകളിൽ സാധാരണയായി കണ്ടുവരുന്ന 'ബെൻസോതയോഫീൻ' എന്ന തന്മാത്രയും ഇതിലുണ്ട്.

ഈ തന്മാത്രകൾ ജൈവപ്രക്രിയയിലൂടെ ഉണ്ടായതാണോ അതോ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളിലൂടെ ഉണ്ടായതാണോ എന്ന് ശാസ്ത്രജ്ഞർക്ക് ഇതുവരെ ഉറപ്പിക്കാനായിട്ടില്ലെന്ന് നാസ വ്യക്തമാക്കി. എങ്കിലും പുരാതന ചൊവ്വയിൽ ജീവന് അനുകൂലമായ രാസസാഹചര്യങ്ങൾ ഉണ്ടായിരുന്നുവെന്ന് ഈ കണ്ടെത്തൽ വീണ്ടും ശരിവെക്കുന്നു.

റോവറിനുള്ളിലെ 'സാംപിൾ അനാലിസിസ് അറ്റ് മാഴ്സ്' (SAM) എന്ന മിനി ലാബിൽ ടെട്രാമെഥൈൽ അമോണിയം ഹൈഡ്രോക്സൈഡ് (TMAH) എന്ന പ്രത്യേക ലായനി ഉപയോഗിച്ചുള്ള 'വെറ്റ് കെമിസ്ട്രി' പരിശോധനകളിലൂടെയാണ് ഈ സങ്കീർണ്ണമായ തന്മാത്രകളെ വേർതിരിച്ചെടുത്തത്. ചൊവ്വയുടെ പരുക്കൻ കാലാവസ്ഥയിലും റേഡിയേഷനിലും കോടിക്കണക്കിന് വർഷങ്ങളായി ഈ ജൈവതന്മാത്രകൾ നശിക്കാതെ കിടക്കുന്നു എന്നത് ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

  • Share This Article
Drisya TV | Malayalam News