Drisya TV | Malayalam News

ജയിച്ചാൽ മാസത്തിലൊരിക്കൽ മണ്ഡലത്തിൽ വരുമെന്ന് പ്രഖ്യാപിച്ച് വിജയ്

 Web Desk    17 Apr 2026

ജയിച്ചാൽ മാസത്തിലൊരിക്കൽ മണ്ഡലത്തിൽ വരുമെന്ന് പ്രഖ്യാപിച്ച് വിജയ്. തമിഴക വെടി കഴകത്തിന്റെ (ടിവികെ) പ്രകടന പത്രിക പുറത്തുവിട്ടുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികൾക്ക് വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ടുസാരിയും കുടുംബങ്ങൾക്കു പ്രതിവർഷം 6 സൗജന്യ പാചകവാതക സിലിണ്ടറുകൾ, 60 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ, നവജാതശിശുകൾക്ക് സ്വർണമോതിരം, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, മക്കളുടെ പഠനത്തിന് അമ്മമാർക്ക് 15,000 രൂപ എന്നിങ്ങനെ വൻ പ്രഖ്യാപനങ്ങൾ പ്രകടന പത്രികയിലുണ്ട്. കർഷകനു കൈമാറിയാണു പ്രകടന പത്രിക പുറത്തിറക്കിയത്.

അതിനിടെ, തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ച് റോഡ് ഷോ നടത്തിയതിനു ടിവികെ അധ്യക്ഷൻ വിജയിക്കെതിരെ വീണ്ടും കേസെടുത്തു. യോഗം നടത്താൻ നൽകിയ അനുമതി ലംഘിച്ച് റോഡ് ഷോ നടത്തിയെന്നും ഗതാഗതത്തിനും പൊതുജനങ്ങൾക്കും തടസ്സമുണ്ടാക്കിയെന്നുമാണു വെസ്റ്റ‌് മാമ്പലം പൊലീസിന്റെ കേസ്. വള്ളുവർക്കോട്ടത്തിന് സമീപം അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് വെപ്പേരി പൊലീസും കേസെടുത്തു. ഇരുകേസുകളിലും തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥരാണു തെളിവുകൾ സഹിതം പരാതി നൽകിയത്. ഇതോടെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വിജയിക്കെതിരെ 3 കേസുകളായി.

  • Share This Article
Drisya TV | Malayalam News