2030 ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് മേയർ അഡ്വ. വി വി രാജേഷ്. തിരുവനന്തപുരത്തിന്റെ മാത്രമല്ല കേരളത്തിന്റെ വളർച്ചയ്‌ക്കും വികസനത്തിനും ഉതകുന്ന പ്രവർത്തനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള ആമുഖ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു മേയർ.
2035 ൽ ലോകത്തിലെ ഏറ്റവും മികച്ച നഗരസഭയായി തിരുവനന്തപുരം മാറുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ കോമൺവെൽത്ത് ഗെയിംസ് പോലുള്ള ആഗോള കായിക മാമാങ്കങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള നഗരത്തിന്റെ സജ്ജീകരണം ലക്ഷ്യമിട്ട് അന്താരാഷ്‌ട്ര ഓഫീസ് ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ഡെപ്യൂട്ടി മേയർ ആശാ നാഥ് പറഞ്ഞു. ജർമ്മൻ, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലും ഇന്ത്യൻ ഭാഷകളിലും പരിശീലനം നൽകാൻ നോർക്കയുമായി ചേർന്ന് 15 ലക്ഷം രൂപയുടെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു.
രാജ്യത്തെ ആദ്യത്തെ വയോജന സൗഹൃദ നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാൻ ‘സൺറൈസ് പദ്ധതി’ (5 കോടി) ആരംഭിക്കും. സ്ത്രീകൾക്ക് തൊഴിൽ പരിശീലനത്തിന് 30 ലക്ഷം രൂപ. ട്രാൻസ്ജെൻഡർ ക്ഷേമം ലക്ഷ്യമിട്ട് ആനുകൂല്യങ്ങൾക്കായി 50 ലക്ഷവും തൊഴിൽ പരിശീലനത്തിന് 20 ലക്ഷവും ബജറ്റിൽ പ്രഖ്യാപിച്ചു. യുവജനങ്ങൾക്കും സ്ത്രീകൾക്കും നൈപുണ്യ വികസനത്തിന് 10 ലക്ഷവും പൊതുസ്ഥലങ്ങളിൽ 200 അത്യാധുനിക ശുചിമുറികൾ സ്ഥാപിക്കാൻ 20 കോടി രൂപയും അനുവദിച്ചു.