നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക വിഡിയോ അഭിമുഖം നടത്തി നടൻ മോഹൻലാൽ. ഉടൻ തന്നെ സംപ്രേക്ഷണം ചെയ്യുന്ന അഭിമുഖത്തിന്റെ പിന്നിൽ സംവിധായകൻ ടി കെ രാജീവ്കുമാർ അടക്കമുള്ള പ്രമുഖരാണുള്ളത്. അഭിമുഖത്തിന്റെ ടീസർ 24ന് വൈകിട്ട് ആറിന് പുറത്തിറങ്ങും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് മോഹൻലാൽ ഈ പരിപാടിയുടെ ഭാഗമായതെന്നാണ് വിവരം. 'കണ്ടും മിണ്ടിയും ഇരുവർ' എന്ന പേരിലാണ് അഭിമുഖം. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മോഹൻലാൽ നേരത്തെ അഭിമുഖം നടത്തിയിട്ടുണ്ട്. 'ഇരുവർ' എന്നായിരുന്നു ഇതിന്റെ പേര്.
പിണറായി വിജയനുമായി നല്ല ബന്ധം പുലർത്തുന്ന മോഹൻലാൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജിവിതത്തെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നാണ് വിവരം. രണ്ടു ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസ്തിയായ ക്ലിഫ് ഹൗസിൽ വച്ചാണ് അഭിമുഖം ചിത്രീകരിച്ചത്. അതീവരഹസ്യമായി നടത്തിയ ചിത്രീകരണത്തെക്കുറിച്ച് അധികമാരെയും അറിയിച്ചില്ല.
ആദ്യ ദിവസം ഇരുവരും തമ്മിൽ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി സംസാരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണയാക്കി. പിറ്റേ ദിവസമാണ് എല്ലാ ആധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ അഭിമുഖം ചിത്രീകരിച്ചത്.