Drisya TV | Malayalam News

വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട താക്കോൽദാനം ബുധനാഴ്ച്ച 

 Web Desk    19 Feb 2026

മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ബുധനാഴ്‌ച വൈകിട്ട് നാലിന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയവിതരണവും നിർവഹിക്കും. 410 വീടുകളുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്.

ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ നൽകുന്നത്. പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കുംവിധം 1000 ചതുരശ്രയടിയിൽ ഒറ്റനിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ടൗൺഷിപ്പിൽ ഒരുങ്ങുന്ന 410 വീടുകളിലായി 1662-ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. വീടുകൾക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും ഇതിൻ്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങളും സജീകരിക്കും. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളി സ്ഥലം, പാർക്കിങ് എന്നിവ ഒരുക്കും. മർട്ടി പർപ്പസ് ഹാൾ, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവ കമ്മ്യൂണിറ്റി സെന്ററിൽ നിർമ്മിക്കും.

25-ന് നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേഷ്‌കുമാർ, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, വയനാട് എം.പി. പ്രിയങ്ക ഗാന്ധി, കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

  • Share This Article
Drisya TV | Malayalam News