‘'ദ് കേരള സ്റ്റോറി 2’' സിനിമയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാണ് ആവശ്യം. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണു ചിത്രത്തിന്റെ തലക്കെട്ട് എന്നും ഇതു മാറ്റണമെന്നും കണ്ണൂർ ഇടയാർ സ്വദേശി ശ്രീദേവ് നമ്പൂതിരി ഹർജിയിൽ ആവശ്യപ്പെട്ടു. തുടർന്ന് സെൻസർ ബോർഡിനും ചിത്രത്തിന്റെ നിർമാതാക്കളായ സൺഷൈന്‍ പിക്ചേഴ്സിനും നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശിച്ചു.
ചിത്രത്തിലെ ചില രംഗങ്ങൾ ചോദ്യം ചെയ്ത് ബന്ധപ്പെട്ട കക്ഷികളെ സമീപിച്ചെങ്കിലും ഈ മാസം 27ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നു നിർമാതാക്കൾ അറിയിച്ച സാഹചര്യത്തിലാണു കോടതിയെ സമീപിക്കുന്നതെന്നു ഹർജിയിൽ പറയുന്നു. ചിത്രത്തിന്റെ ഒന്നാം ഭാഗം പുറത്തുവന്നപ്പോൾ തന്നെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. തെറ്റായ വിവരങ്ങളാണ് അതിൽ ഉൾപ്പെടുത്തിയിരുന്നതെന്നു നിർമാതാക്കൾ തന്നെ സുപ്രീം കോടതിയിൽ പറഞ്ഞിരുന്നെന്ന് ഹർജിയിൽ പരാമർശിക്കുന്നു. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ പുറത്തു വന്ന ട്രെയ്‍ലറിൽ തെറ്റായ രീതിയിലാണു കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.