Drisya TV | Malayalam News

എ ഐ ഉച്ചകോടിയിൽ ബിൽ ഗേറ്റ്‌സ് പങ്കെടുക്കില്ല

 Web Desk    19 Feb 2026

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026-ൽ പങ്കെടുക്കില്ല. ഗേറ്റ്‌സ് ഫൗണ്ടേഷൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബിൽ ഗേറ്റ്‌സ് മുഖ്യപ്രഭാഷണം നടത്തുമെന്ന് ഫൗണ്ടേഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ഇക്കാര്യത്തിൽ തിരുത്തൽ വരുത്തിക്കൊണ്ട് സംഘടനതന്നെ രംഗത്തെത്തി. ശ്രദ്ധാപൂർവ്വമായ വിലയിരുത്തലിന് ശേഷമാണ് ഉച്ചകോടിയിൽ പങ്കെടുക്കേണ്ടെന്ന തീരുമാനമെടുത്തതെന്ന് സംഘടന പറയുന്നു. എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബിൽ ഗേറ്റ്‌സും പ്രതിക്കൂട്ടിൽ നിൽക്കുന്നതിനിടെയാണ് എഐ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കില്ലെന്ന തീരുമാനം വരുന്നത്.

ഗേറ്റ്‌സ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ആഫ്രിക്ക, ഇന്ത്യ ഓഫീസുകളുടെ ചുമതല വഹിക്കുന്ന അങ്കുർ വോറയായിരിക്കും ഉച്ചകോടിയിൽ സംബന്ധിക്കുക. അദ്ദേഹം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉച്ചകോടിയിൽ സംസാരിക്കും. ഇന്ത്യയിലെ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ പ്രതിബന്ധതയോടെ തുടർന്നുകൊണ്ടുപോകുമെന്നും ഗേറ്റ്‌സ് ഫൗണ്ടേഷൻ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News