ശബരിമല ദർശനം കഴിഞ്ഞ് കെ.എസ്.ആർ.ടി.സി ബസിൽ മടങ്ങിയവരെ നിലക്കലിനു സമീപം വനത്തിൽ രാത്രി ഇറക്കി വിട്ടതായി പരാതി. പമ്പ-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെയാണ് പരാതി ഉയർന്നത്. പരാതി ശ്രദ്ധയിൽ പെട്ടതിനെ മന്ത്രി ഗണേഷ്കുമാർ ഇടപെട്ട് താൽക്കാലികക്കാരനായ ഡ്രൈവറെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.
കണ്ടക്ടറെ കാഞ്ഞങ്ങാട്ടേക്ക് സ്ഥലംമാറ്റുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 11.30നാണ് സംഭവം. പമ്പയിൽ നിന്നും നിലക്കലേക്ക് ടിക്കറ്റെടുത്ത കുട്ടിയുൾപ്പടെ 12 സ്ത്രീകളെയാണ് പെരുവഴിയിൽ ഇറക്കി വിട്ടത്. ഇവർ വന്ന വാൻ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ ഇട്ടിട്ട് കെ.എസ്.ആർ.ടി.സി ബസിലാണ് പമ്പയിലേക്ക് പോയത്. ദർശനം കഴിഞ്ഞ് രാത്രി മടങ്ങി വരുമ്പോൾ വാൻ പാർക്കിങ് ഗ്രൗണ്ടിൽ കിടക്കുന്ന കാര്യം തീർഥാടകർ ബസ് ജീവനക്കാരോട് പറഞ്ഞിരുന്നു.