Drisya TV | Malayalam News

വ്യാപാരമേഖലയിൽ ഇന്ത്യയുമായി കൈകോർത്ത് ഗൾഫ് രാജ്യങ്ങൾ

 Web Desk    6 Feb 2026

വ്യാപാരമേഖലയിൽ ഇന്ത്യയുമായി കൈകോർത്ത് ഗൾഫ് രാജ്യങ്ങൾ. ആഗോളവാണിജ്യമേഖല വ്യാപാരയുദ്ധങ്ങൾക്കും തീരുവ പ്രതിസന്ധിക്കുമിടെ കുരുങ്ങി കിടക്കുന്ന വേളയിൽ, ഗൾഫ് രാജ്യങ്ങൾ ഇന്ത്യയുടെ തന്ത്രപ്രധാന വിപണിയായി മാറാൻ പോകുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര കൂട്ടാളിയാകും ഗൾഫ് കോഓപറേഷൻ കൗൺസിൽ (GCC) എന്ന ആറ് പശ്ചിമേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നിവ അടങ്ങുന്ന ആറ് പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഒപ്പുവെക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

ഇന്ത്യ ഇതിനോടകം യുഎഇയുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഒമാനുമായി, 2025 ഡിസംബർ 18ന് മസ്കറ്റിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും (CEPA) ഇന്ത്യയ്ക്കുണ്ട്. പുതിയ സ്വതന്ത്ര വ്യാപാര കരാറിലൂടെ മറ്റ് രാജ്യങ്ങളുമായുള്ള തീരുവകളും തീരുവേതര തടസ്സങ്ങളും ഒഴിവാക്കും, ഇന്ത്യൻ കയറ്റുമതിയിൽ വർധനയുണ്ടാകും.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), ഒമാൻ എന്നീ രാജ്യങ്ങളുമായുളള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളുടെ( CEPA) ഫലമായി 2024-25ൽ ഇന്ത്യയും GCC യും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 179 ബില്യൺ ഡോളറിലെത്തി (ഏകദേശം 16 ലക്ഷം കോടി രൂപ). പ്രധാന കയറ്റുമതികളിൽ രത്നങ്ങൾ, ലോഹങ്ങൾ, ഇലക്ട്രോണിക്സ്, രാസവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു.

സ്വതന്ത്ര വ്യാപാരക്കരാറിനു വേണ്ടിയുള്ള ചർച്ചകൾ ഔദ്യോഗികമായി ആരംഭിക്കുന്നതിനുള്ള ടേംസ് ഓഫ് റെഫറൻസ് (ToR) ൽ വ്യാഴാഴ്ച ഇന്ത്യയും ജിസിസിയും ഒപ്പുവെച്ചു. ഇന്ത്യയുടെ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ജിസിസിയുമായുള്ള ടേംസ് ഓഫ് റെഫറൻസ് (ToR) ഒപ്പുവെക്കൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഈ കരാർ ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും വർധിപ്പിക്കാൻ സഹായിക്കുമെന്ന് ഗോയൽ പറഞ്ഞു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ, ഇന്ത്യയുടെ പെട്രോകെമിക്കൽ വ്യവസായത്തിനും വിവര-വിനിമയ സാങ്കേതികവിദ്യ കമ്പനികൾക്കും എപ്പോഴും വളർന്നുകൊണ്ടിരിക്കുന്ന ജിസിസി വിപണിയിൽ മികച്ച അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.

  • Share This Article
Drisya TV | Malayalam News