Drisya TV | Malayalam News

ലോക്സഭയിലെ പ്രതിഷേധം:ഹൈബി ഈഡനും ഡീൻ കുര്യാക്കോസും ഉൾപ്പെടെയുള്ള എംപിമാർക്ക് സസ്പെൻഷൻ

 Web Desk    3 Feb 2026

ലോക്സഭയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാരെ സസ്പെൻ്റ് ചെയ്തു. ഹൈബി ഈഡനും ഡീൻ കുര്യാക്കോസും ഉൾപ്പെടെ എപിമാർക്ക് സസ്പെൻഷൻ. മുൻ കരസേനാ മേധാവി എംഎം നരവാനെയുടെ പുസ്തകത്തിലെ പരാമർശവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി സഭയിൽ ചോദ്യം ഉയർത്തുകയും ഇത് സംസാരിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയത്.

പുസ്തകത്തിലെ ചൈനീസ് അതിർത്തിയിലെ സംഭവത്തെക്കുറിച്ചുള്ള ഭാഗമാണ് രാഹുൽ സഭയിൽ ഉന്നയിച്ചത്. ഇതിനെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്ക് പോര് കടുക്കയും സഭാ നടപടികൾ തടസപ്പെടുകയും ചെയ്തു. ഇതോടെ സഭ പിരിഞ്ഞു. ഉച്ചയ്ക്ക് ശേഷം സഭ കൂടിയപ്പോൾ രാഹുൽ വിഷയം വീണ്ടും ഉയർത്താൻ ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എംപിമാർക്കെതിരെ പ്രമേയം അവതരിപ്പിച്ചു.ശബ്ദവോട്ടോടെ സഭ ഈ പ്രമേയം പാസാക്കി. തുടര്‍ന്ന്, സ്പീക്കറുടെ ചുമതല വഹിച്ചിരുന്ന ദിലീപ് സൈകിയയാണ് കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പ്രഖ്യാപിച്ചത്.

മാണിക്കം ടാഗോർ, സി. കിരൺ കുമാർ റെഡ്ഡി, പ്രശാന്ത് പാടോലെ എന്നിവരാണ് സസ്പെൻ്ഡ് ചെയ്യപ്പെട്ട മറ്റ് എംപിമാർ.പാർട്ടി അംഗങ്ങളെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ പാർലമെന്റ് കെട്ടിടത്തിന് പുറത്ത് ധർണ്ണ നടത്തി.

  • Share This Article
Drisya TV | Malayalam News