സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. ഗിറ്റാറിസ്റ്റായി 1971ൽ സംഗീത സംവിധായകൻ വിജയഭാസ്കറിനൊപ്പമായിരുന്നു സിനിമയിൽ തുടക്കം കുറിച്ചത്. 1975ൽ കന്നഡ സിനിമകളിൽ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. 'പ്രേമയുദ്ധ' എന്ന തെലുങ്ക് ചിത്രത്തിലൂടെ 1981ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.
മലയാള സിനിമയിൽ രാഘവൻ മാസ്‌റ്റർ ഉൾപ്പെടെയുള്ള സംഗീതജ്ഞർക്കൊപ്പം വെങ്കടേഷ് മാൻഡലിൻ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടാറായും പ്രവർത്തിച്ചു. സത്യൻ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലൻ എം.എയിൽ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമകളിൽ സംഗീത സംവിധായകനായി സജീവമാകുന്നത്. ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമായിരുന്നു എസ്.പി വെങ്കടേഷിനെ മലയാളത്തിൽ കൂടുതൽ പരിചിതനാക്കിയത്. തമ്പി കണ്ണന്താനത്തിന്റെ 'രാജാവിന്റെ മകനിലെ' സംഗീതവും പശ്ചാത്തല സംഗീതവും മലയാളികളെ അത്രമേൽ ത്രസിപ്പിച്ചു.