ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നാടകീയ പ്രഖ്യാപനത്തിൽ ഇന്ന് പാർലമെന്റ് പ്രക്ഷുബ്ധമായേക്കും. യുഎസ് ഉൽപന്നങ്ങൾക്കു തീരുവ പൂജ്യമാക്കുമെന്ന പ്രഖ്യാപനം വൻകോളിളക്കം സൃഷ്ടിക്കാനിടയുള്ളതാണ്.
തിങ്കളാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യ-യുഎസും വ്യാപാരക്കരാറിനു ധാരണയായെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇതോടെ യുഎസ് ഇന്ത്യയ്ക്കു മേൽ ചുമത്തിയിരുന്ന തീരുവ 25 ശതമാനത്തിൽനിന്നും 18 ശതമാനമായി കുറയും. ഇതിനു പുറമെ ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ എടുത്തുമാറ്റാനും ധാരണയായി. പകരം റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്താൻ സമ്മതിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരക്കരാർ പ്രഖ്യാപിച്ചു ദിവസങ്ങൾക്കുള്ളിലാണ് യുഎസുമായുള്ള കരാർ.തീരുവ കുറച്ചതിനു സമൂഹമാധ്യമ പോസ്റ്റിൽ നരേന്ദ്ര മോദി ട്രംപിന് നന്ദി പറഞ്ഞു. വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഇതിനു പിന്നാലെ വ്യാപാരകരാറിൽ ധാരണയായെന്ന് സ്ഥിരീകരിച്ചു.