സംസ്ഥാനത്ത് അതിവേഗ റെയിൽപാത തുടങ്ങുന്നതിനായുള്ള ഡിപിആർ തയാറാക്കാൻ എന്നവകാശപ്പെട്ട് ഇ.ശ്രീധരൻ പൊന്നാനിയിൽ ഓഫിസ് തുറന്നു. സ്വന്തം നിലയ്ക്കാണ് അദ്ദേഹം ഓഫിസ് തുറന്നത്. ശ്രീധരന്റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തിയാണ് ഓഫിസ് ഉദ്ഘാടനം ചെയ്തത്.
എന്തു ചെയ്താലും നാട്ടുകാർക്ക് ഉപദ്രവമുണ്ടാക്കില്ലെന്ന് ഉദ്ഘാടന ശേഷം ശ്രീധരൻ പറഞ്ഞു. നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ പ്രതിവിധി കാണണമെന്ന് ജീവനക്കാരോടു പറയും. വേഗം പണി തീർക്കാനുള്ള സൗകര്യമൊരുക്കും. ഫീൽഡ് വർക്ക് ജൂൺ 1 ആകുമ്പോഴേക്കും തീർക്കും. അപ്പോഴേക്കും മഴ തുടങ്ങും. ഏപ്രിൽ അവസാനത്തോടെ ഫീൽഡ് വർക്ക് ആരംഭിക്കും. അതിനുള്ള ഏജൻസിയെ തീരുമാനിക്കുമെന്നും ശ്രീധരൻ പറഞ്ഞു.
സ്റ്റേഷനുകളായി നിശ്ചയിച്ച സ്ഥലങ്ങളിൽ പരിശോധനകൾ നടത്തും. ശേഷമായിരിക്കും സർവേ നടപടികൾ. നാട്ടുകാരെ ബോധ്യപ്പെടുത്തിയാകും ഈ നടപടികൾ. തുടർന്നാകും ഭൂമി ഏറ്റെടുക്കൽ നടപടികൾ. പദ്ധതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വരുന്നതിനു കാലതാമസം എടുക്കുന്നത് കൊണ്ടാണ് തങ്ങൾ നേരത്തെ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതെന്നും ശ്രീധരൻ പറഞ്ഞു. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് തിരുവനന്തപുരം-കണ്ണൂർ അർധ അതിവേഗ റെയിൽപ്പാതയാണ് ശ്രീധരൻ മുന്നോട്ട് വയ്ക്കുന്നത്.