Drisya TV | Malayalam News

അതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം റദ്ദായി

 Web Desk    1 Feb 2026

അതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം റദ്ദായി. വിജ്ഞാപനത്തിന് ഒരു വർഷം കാലാവധിയാണ് ഉണ്ടായിരുന്നത്. അതിനുള്ളിൽ പദ്ധതി പൂർത്തിയാകാത്തതോടെയാണ് വിജ്ഞാപനം റദ്ദായത്. എന്നാൽ, സ്ഥലമേറ്റെടുക്കലിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ സർക്കാർ മാറ്റുമോ, ഭൂമി ഉടമകൾക്ക് മാറ്റാമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മഞ്ഞക്കുറ്റികൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകളും റദ്ദാക്കിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

മഞ്ഞക്കുറ്റി സ്ഥാപിച്ച ഭൂമി കൈമാറ്റം ചെയ്യാൻ തടസ്സമില്ലെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. പാതകടന്നുപോകുന്ന സ്ഥലം അറിയാനാണ് മഞ്ഞക്കുറ്റികൾ സ്ഥാപിച്ചത്. ഭൂമി കൈമാറ്റം ചെയ്യുന്നത് വിലക്കി വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും അധികൃതർ പറയുന്നു. എന്നാൽ, ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇല്ലാത്തതിനാൽ ഭൂമി ഉടമകൾ ആശയക്കുഴപ്പത്തിലാണ്. സിൽവർലൈന്‍ പദ്ധതി നടപ്പിലാകില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ, റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റത്തിനായി (ആർആർടിഎസ്) ബജറ്റിൽ സംസ്ഥാന സർക്കാർ തുക മാറ്റിവച്ചിട്ടുണ്ട്. പദ്ധതിക്കായി കേന്ദ്ര അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ, സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചതായി ഔദ്യോഗികമായി പറഞ്ഞിട്ടുമില്ല.

മഞ്ഞക്കുറ്റികളെ സംബന്ധിച്ച് നിലപാട് പറയേണ്ടത് റവന്യൂവകുപ്പാണെന്നാണ് കെ റെയിൽ പറയുന്നത്. ഒരു കുറ്റി സ്ഥാപിക്കാൻ കെ റെയിലിന് ഗതാഗത ചെലവ് ഉൾപ്പെടെ 5,000 രൂപയോളം ചെലവു വന്നിട്ടുണ്ട്. ഭൂമി ഉടമകൾ കുറ്റികൾ എടുത്തു മാറ്റിയാൽ നിയമനടപടിയുണ്ടായേക്കാം. സർക്കാർ പ്രഖ്യാപനമുണ്ടായാലേ ആശങ്ക അവസാനിക്കൂ. സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെട്ട ഭൂമി പണയപ്പെടുത്തി വായ്പ എടുക്കാനോ വിൽക്കാനോ കഴിയാതെ വലയുകയാണ് ഉടമകൾ. ബാങ്കുകൾ വായ്പ നൽകുന്നില്ല. കച്ചവടം ഉറപ്പിച്ചവർ പോലും കല്ലിട്ട ഭൂമി എന്നു അറിയുന്നതോടെ വസ്തു വാങ്ങാതെ പിൻവാങ്ങും.

  • Share This Article
Drisya TV | Malayalam News