Drisya TV | Malayalam News

ബഹിരാകാശത്ത് ഓർബിറ്റൽ ഡാറ്റാ സെന്റർ സ്ഥാപിക്കാനൊരുങ്ങി ഇലോൺ മസ്ക് 

 Web Desk    31 Jan 2026

നിർമിതബുദ്ധിയുടെ അതിർവരമ്പുകൾ ബഹിരാകാശത്തേക്കും വികസിപ്പിക്കാനൊരുങ്ങി ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. എഐയുടെ വർധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്ത് ഓർബിറ്റൽ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ അദ്ദേഹം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി പത്ത് ലക്ഷം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് പദ്ധതി. വിക്ഷേപണത്തിന് അനുമതി തേടി യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷനെ സ്‌പേസ്എക്‌സ് ഔദ്യോഗികമായി സമീപിച്ചിട്ടുണ്ട്.

ഈ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെ സൂപ്പർ കമ്പ്യൂട്ടറുകളായി പ്രവർത്തിക്കും. ഇവ ചേർന്നതാകും വമ്പൻ എഐ ഡാറ്റാ സെന്റർ. ബഹിരാകാശത്ത് സൂര്യപ്രകാശം സമൃദ്ധമായി ലഭിക്കുന്നതും ശീതീകരണ സംവിധാനങ്ങൾ വെല്ലുവിളി ഉയർത്താത്തതും ഓർബിറ്റൽ ഡാറ്റാ സെന്ററിന് ഏറ്റവും അനുകൂലമായ ഘടകങ്ങളാണ്. വർധിച്ചുവരുന്ന എഐ ആവശ്യങ്ങൾ നിറവേറ്റാൻ ഇതിന് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.

2026 ജനുവരി ആദ്യംതന്നെ ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് സ്‌പേസ് എക്‌സ് തുടക്കം കുറിച്ചിട്ടുണ്ട്. എഐയ്ക്ക് പ്രചാരം വർധിക്കുന്നത് ഭൂമിയിൽ വൻതോതിലുള്ള ഊർജപ്രതിസന്ധി ഉണ്ടാക്കാനിടയാക്കുമെന്ന ആശങ്കകൾക്ക് പരിഹാരം കാണുന്നതാണ് സ്‌പേസ് എക്‌സിന്റെ ഈ പദ്ധതി. ഊർജ പ്രതിസന്ധി എഐ മുന്നേറ്റത്തെതന്നെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിരുന്ന തരത്തിലുള്ള സംവിധാനമാണ് സ്‌പേസ് എക്‌സ്‌ യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ബഹിരാകാശത്ത് 2,000 കിലോമീറ്റർവരെ ചുറ്റളവിൽ ഉപഗ്രഹങ്ങൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപഗ്രഹങ്ങൾ തമ്മിൽ ആവശ്യമായ ദൂരം ഉറപ്പാക്കും. ഈ ഉപഗ്രഹങ്ങൾ സ്‌പേസ്എക്‌സിന്റെ സ്റ്റാർലിങ്ക് ശൃംഖലയുമായി ലേസർ ലിങ്കുകളിലൂടെ ബന്ധിപ്പിക്കും. വലിയ ഡാറ്റ പ്രോസസ് ചെയ്യാനും സങ്കീർണമായ എഐ മോഡലുകൾക്ക് തടസമില്ലാതെ പ്രവർത്തിക്കാനും അവ സൗകര്യമൊരുക്കും. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾക്ക് ഇവ എഐ സേവനങ്ങൾ ഉറപ്പാക്കും.

  • Share This Article
Drisya TV | Malayalam News