Drisya TV | Malayalam News

ഇസ്രയേലി സ്റ്റാർട്ടപ്പായ Q.ai-യെ 2 ബില്ല്യൺ (200 കോടി) ഡോളറിന് സ്വന്തമാക്കി ഐഫോൺ നിർമാതാക്കൾ

 Web Desk    31 Jan 2026

മുഖം തിരിച്ചറിയുന്ന (ഫേഷ്യൽ റെക്കഗ്നിഷൻ) എഐ സാങ്കേതികവിദ്യയിൽ വൈദഗ്ധ്യം തെളിയിച്ച ഇസ്രയേലി സ്റ്റാർട്ടപ്പായ Q.ai-യെ ഏകദേശം 2 ബില്ല്യൺ (200 കോടി) ഡോളറിന് ഐഫോൺ നിർമാതാക്കൾ സ്വന്തമാക്കി. 2014-ന് ശേഷം ആപ്പിൾ നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ഒരു ദശാബ്ദത്തിനിടയിലെ ആപ്പിളിന്റെ ഏറ്റവും വലിയ കരാറാണിതെന്നും മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.

ഒരാൾ പറയുന്നത് എന്താണെന്ന് മുഖത്തെ പേശികളുടെ ചലനങ്ങൾ നിരീക്ഷിച്ച് മനസിലാക്കാൻ സാധിക്കുന്ന എഐ സാങ്കേതികവിദ്യ ഈ കരാറിലൂടെ ആപ്പിളിന് സ്വന്തമാകും. ഒരു വ്യക്തി ഉച്ചത്തിൽ സംസാരിക്കാതെ തന്നെ അദ്ദേഹം പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് ഡിവൈസുകൾക്ക് മനസിലാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ആപ്പിളിന് ഒരു ഗെയിം ചേഞ്ചർ ആയേക്കാം ഈ ഏറ്റെടുക്കൽ എന്നാണ് വിലയിരുത്തപ്പെടുന്നത്.

ആപ്പിളുമായി മുൻപും നിർണായക ഇടപാട് നടത്തിയിട്ടുള്ള ആവിയാഡ് മൈസെൽസ് നാല് വർഷം മുമ്പ് സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് Q.ai . 2013-ൽ പ്രൈംസെൻസ് എന്ന കമ്പനി ഐഫോൺ നിർമ്മാതാക്കൾക്ക് കൈമാറിയത് അദ്ദേഹമാണ്. ആപ്പിളിന്റെ ഫേസ് ഐഡിക്ക് അടിസ്ഥാനമിട്ടത് അവരാണ്.ഒരാൾ മന്ത്രിക്കുകയോ സംസാരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുമ്പോൾ സംഭവിക്കുന്ന സൂക്ഷ്മമായ മുഖഭാവങ്ങൾ നിരീക്ഷിച്ച് പറയുന്നത് എന്തെന്ന് കണ്ടെത്തുന്നതാണ് Q.ai -യുടെ സാങ്കേതികവിദ്യ. 

ഹെഡ്ഫോണുകളിലും കണ്ണടകളിലും ഉപയോഗിക്കാവുന്നതാണ് ഈ സാങ്കേതികവിദ്യ. ഉച്ചത്തിൽ സംസാരിക്കാതെതന്നെ സിരി പോലുള്ള AI അസിസ്റ്റന്റുകളുമായി സ്വകാര്യ സംഭാഷണങ്ങൾ നടത്താൻ ഇതിലൂടെ സാധിക്കും. മെറ്റ പോലുള്ള എതിരാളികൾ AI അധിഷ്ഠിത റേ ബാൻ സ്മാർട്ട് ഗ്ലാസുകളുടെ രംഗത്ത് വിജയം നേടുന്നതിനിടെയാണ് ആപ്പിളിന്റെ നീക്കം.

Q.ai-യുടെ സാങ്കേതികവിദ്യ ആപ്പിളിന്റെ നിലവിലുള്ള ഡിവൈസുകളുമായി മികച്ച രീതിയിൽ യോജിക്കുന്നതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം എയർപോഡ്സിന് ലൈവ് ട്രാൻസലേഷൻ ഫീച്ചറുകൾ ആപ്പിൾ നൽകിയിരുന്നു. വിഷൻ പ്രോ ഹെഡ്സെറ്റിനായി മുഖത്തെ പേശികളുടെ ചലനം കണ്ടെത്താനുള്ള ശ്രമങ്ങളും കമ്പനി നടത്തിയിരുന്നു. ആ കഴിവുകളെ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഏറ്റെടുക്കലിലൂടെ ആപ്പിൾ ലക്ഷ്യംവെക്കുന്നത്.

  • Share This Article
Drisya TV | Malayalam News