ഗദഗ് ജില്ലയിലെ ചരിത്രപ്രസിദ്ധമായ ലക്കുണ്ഡി ഗ്രാമത്തിൽ വീട് നിർമിക്കാൻ അടിത്തറയ്ക്കായി ഭൂമി കുഴിക്കുന്നതിനിടെ തൊഴിലാളികൾക്ക് ഒരു വമ്പന്‍ സ്വർണനിധി ലഭിച്ചുവെന്നതാണ് ആ വാർത്ത. ശനിയാഴ്ചയായിരുന്നു സംഭവം. ഗംഗവ്വ ബസവരാജ് റിട്ടി എന്ന സ്ത്രീയുടെ വീടിന്റെ അടിത്തറയ്ക്കായി കുഴിയെടുക്കുമ്പോവാണ് ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച നിലയിലുള്ള സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രജ്വൽ റിട്ടിയാണ് പാത്രവും അതിലെ സ്വർണവും ആദ്യമായി കണ്ടത്. ഉടൻ തന്നെ കുട്ടി വിവരം ഗ്രാമത്തിലെ മുതിർന്നവരെയും പഞ്ചായത്ത് അംഗങ്ങളെയും അറിയിച്ചതോടെ സംഭവം പുറത്തറിഞ്ഞു.
പൊലീസും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പാത്രത്തിൽ നെക്ലേസ്, വളകൾ, മോതിരങ്ങൾ, കമ്മല്‍ തുടങ്ങിയ 22 സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നു. ഇവയുടെ ആകെ ഭാരം ഏകദേശം 466 മുതൽ 470 ഗ്രാം വരെയാണ്. പുരാതനകാല രീതിയിലുള്ള ഡിസൈനുകളുള്ളവയാണിവയെന്നാണ് പ്രാഥമിക നിരീക്ഷണം. അതിനാല്‍ തന്നെ കോടികള്‍ വിലമതിക്കുമെന്നാണ് വിലയിരുത്തല്‍.
"ആഭരണങ്ങൾ പുരാതന ഡിസൈനുകളുള്ളതാണ്. പുരാവസ്തു വകുപ്പ് പഠനം നടത്തിയ ശേഷം ഇവയുടെ കാലഘട്ടം കൃത്യമായി അറിയാൻ കഴിയും." ലക്കുണ്ഡി ഹെറിറ്റേജ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി കമ്മീഷണർ ശരണു ഗോഗേരി പറഞ്ഞു. അതേസമയം വിദ്യാർത്ഥിയുടെ സത്യസന്ധതയാണ് ഈ സംഭവത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നായിരുന്നു ഗദഗ് എസ്പി രോഹൻ ജഗദീശിന്‍റെ പ്രതികരണം.സർക്കാർ നടപടിക്രമങ്ങൾ പാലിച്ച് സ്വർണാഭരണങ്ങൾ തഹസിൽദാർക്ക് കൈമാറി.