യുഎഇ കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുന്നതിൽ അതീവ ജാഗ്രത പാലിക്കണമെന്ന് സെൻട്രൽ ബാങ്ക് പൊതുജനങ്ങൾക്ക് നിർദേശം നൽകി. ബാങ്ക് നോട്ടുകൾ മടക്കാനോ ചുരുട്ടാനോ സ്റ്റേപ്പിൾ ചെയ്യാനോ പാടില്ലെന്ന് ബാങ്ക് പ്രത്യേകം ഓർമിപ്പിച്ചു. കറൻസിയുടെ ആയുസ്സും ഗുണനിലവാരവും നിലനിർത്തുന്നതിൻ്റെ ഭാഗമായാണ് നടപടി. കറൻസി നോട്ടുകൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളോടുള്ള അനാദരവായി കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നോട്ടുകളിൽ എഴുതുന്നതും തുളകൾ ഇടുന്നതും കറൻസി കേടുവരുത്തുന്നതിന് തുല്യമാണ്. പ്ലാസ്റ്റിക് കറൻസികളായ പോളിമർ നോട്ടുകൾ ദീർഘകാലം നിലനിൽക്കുന്നവയാണെങ്കിലും അവ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് നോട്ടിന്റെ സുരക്ഷാ ഫീച്ചറുകളെ ബാധിച്ചേക്കാം. കറൻസി നോട്ടുകൾ വികൃതമാക്കുന്നവർക്ക് യു എ ഇ നിയമപ്രകാരം കർശനമായ പിഴയും ശിക്ഷയും ലഭിക്കാൻ സാധ്യതയുണ്ട്. ഇത്തരം പ്രവൃത്തികൾ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയും കറൻസിയുടെ അന്തസ്സിനെയും ബാധിക്കുമെന്ന് സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി.
കീറിയതോ കേടുപാടുകൾ സംഭവിച്ചതോ ആയ നോട്ടുകൾ മാറ്റി വാങ്ങാൻ സെൻട്രൽ ബാങ്ക് സൗകര്യം ഒരുക്കുന്നുണ്ട്. എന്നാൽ ബോധപൂർവം നോട്ടുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നത് ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കപ്പെടുന്ന സാഹചര്യത്തിലും കറൻസി നോട്ടുകളുടെ മൂല്യം കുറയുന്നില്ലെന്നും അവ ശരിയായ രീതിയിൽ വാലറ്റുകളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.